കോട്ടയം: കുഞ്ഞുബെഹ്സക്ക് എല്ലാം അത്ഭുതമായിരുന്നു. പടർന്നുപന്തലിച്ച മാവിൻചുവട്ടിലെ സ്കൂളും പൂക്കൾ കൈയിലേന്തി നിറചിരിയോടെ വരവേൽക്കുന്ന അധ്യാപികമാരും കലപില വെക്കുന്ന കുഞ്ഞുകൂട്ടുകാരും... വേറെ ഏതോ ലോകത്തെത്തിയപോലെ ആയിരുന്നു ആ ആറുവയസ്സുകാരി. കേട്ടറിഞ്ഞ് പലരും ബെഹ്സയെ കാണാനും സെൽഫി എടുക്കാനുമെത്തി.
ചോദ്യങ്ങൾക്കെല്ലാം ഇംഗ്ലീഷിൽ മറുപടി പറഞ്ഞ് അപരിചിതത്വമില്ലാതെ തുള്ളിച്ചാടി നടന്നു ബെഹ്സ. ആർപ്പൂക്കര മുടിയൂർക്കര ഗവ. എൽ.പി സ്കൂളിനെ പ്രവേശനോത്സവ ദിനത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയത് ബെഹ്സ കരീമി എന്ന അഫ്ഗാൻ കുരുന്നാണ്. എം.ജി സർവകലാശാലയിൽ ഗവേഷണം ചെയ്യുന്ന കാബൂൾ സ്വദേശി മുഹമ്മദ് ഫഹീം കരീമിയുടെയും ഇലാഹ സാഹിറിന്റെയും മൂത്ത മകളാണ് ബെഹ്സ. നാലുവർഷം മുമ്പാണ് ഇവർ കോട്ടയത്തെത്തിയത്.
സ്കൂളിനുസമീപം ഹൗസിങ് ബോർഡ് കോളനിയിലാണ് താമസം. ഗവേഷണം പൂർത്തിയാകുന്നതുവരെ കുടുംബത്തിന് കോട്ടയത്തുതന്നെ തുടരണം. അതിനാലാണ് മകളെ ഇവിടെ ഒന്നാംക്ലാസിൽ ചേർത്തത്. എസ്.എച്ച് മൗണ്ടിലെ സ്കൂളിലാണ് ബെഹ്സ എൽ.കെ.ജിയും യു.കെ.ജിയും പഠിച്ചത്. ഇംഗ്ലീഷും ഹിന്ദിയും ഉർദുവും സംസാരിക്കുന്ന ഇവർക്ക് മലയാളം അറിയില്ല. ബെഹ്സക്കാവട്ടെ ചില കുഞ്ഞുവാക്കുകൾ അറിയാം. ഇനി മലയാളം പഠിക്കണം. ബെഹ്സയിൽനിന്ന് തങ്ങൾക്കും മലയാളം പഠിക്കാമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് ഫഹീമും ഇലാഹയും.
മാതാപിതാക്കൾക്കും അനിയൻ ബഹർ കരീമിക്കും ഒപ്പമാണ് ബെഹ്സ ആദ്യദിനം സ്കൂളിലെത്തിയത്. പ്രഥമാധ്യാപിക കെ. സിന്ധുമോളും ക്ലാസ് ടീച്ചർ സോളിയമ്മ ജേക്കബും ബെഹ്സയെ സ്വീകരിച്ചു. അഫ്ഗാനിൽനിന്നുള്ള നാലുപേർകൂടി എം.ജിയിൽ ഗവേഷണം ചെയ്യുന്നുണ്ട്. ഇവരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നത് മുഹമ്മദ് ഫഹീം മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.