ഇനി ആധാര്‍ കൈവശമില്ലെങ്കില്‍ കടലില്‍ പോകുന്നവരും പിഴയടക്കേണ്ടി വരും

കോഴിക്കോട്: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കൈവശം ആധാര്‍കാര്‍ഡ് ഇല്ലെങ്കിൽ ഇനി 1000 രൂപ പിഴ ഈടാക്കും. സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് വിങ്ങും സ്‌പെഷ്യല്‍ ബ്രാഞ്ചും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഭ്യന്തരസുരക്ഷ കണക്കിലെടുത്ത് ഈ നിബന്ധന കര്‍ശനമാക്കാനാണ് തീരുമാനം.

വഞ്ചികളിലും ബോട്ടുകളിലും മീന്‍പിടിക്കാന്‍ പോകുന്നവര്‍ ആരെല്ലാമാണെന്ന് ഉടമകള്‍ക്കുതന്നെ തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യം വന്നതോടു കൂടി കടലില്‍പോകുന്നവര്‍ തിരിച്ചറിയൽ കാര്‍ഡ് കരുതണമെന്ന് 2018-ല്‍ വ്യവസ്ഥ കൊണ്ടുവന്നിരുന്നു.

ബംഗാളില്‍നിന്നും ഒഡിഷയില്‍നിന്നും ഉള്ളവർ തീരദേശങ്ങളില്‍ തമ്പടിച്ച് മത്സ്യത്തൊഴിലാളികളായി പണിയെടുക്കുന്നുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് ഇവരില്‍ പലരും മത്സ്യത്തൊഴിലാളികളായി പണിയെടുക്കുന്നത്.

മീന്‍പിടിക്കാന്‍ പോവുമ്പോള്‍ ആധാര്‍ കാര്‍ഡ് കൈവശം വെക്കുന്നതില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. കടല്‍ക്ഷോഭവും മറ്റും ഉണ്ടാകുന്ന അവസരങ്ങളില്‍ യഥാര്‍ഥ രേഖകള്‍ കൈവശംവെക്കുന്നത് സുരക്ഷിതമല്ലെന്നും ഇവര്‍ പറയുന്നു. രേഖകളുടെ പകര്‍പ്പ് കൈവശം വെക്കാന്‍ അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

കടല്‍വഴി ലഹരിക്കടത്ത് നടക്കുന്നതായും തീവ്രവാദ സംഘടനയില്‍പ്പെട്ടവര്‍ നുഴഞ്ഞുകയറുന്നതായും ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കുന്നതെന്നും ഇതിന്റെ പ്രായോഗിക വശത്തെ സംബന്ധിച്ച് ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതപ്പെടുത്തുമെന്നും ഫിഷറീസ് അധികൃതര്‍ അറിയിച്ചു. 

Tags:    
News Summary - A fine of Rs 1000 will be levied if the fishermen who go to the sea do not have Aadhaar card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.