എറണാകുളം ജനറൽ ആശുപത്രി മുൻ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി വനിത ഡോക്ടർ


ആരോഗ്യവകുപ്പ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കൊച്ചി: ഹൗസ് സർജൻസി കാലയളവിനിടെ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ നേരത്തേ സേവനമനുഷ്ഠിച്ച സീനിയർ ഡോക്ടർക്കെതിരെ വനിത ഡോക്ടറുടെ പരാതി. സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു. 2019 ഫെബ്രുവരിയിലാണ് പരാതിക്ക് ആസ്പദമായ സംഭവം. അന്ന് ജനറൽ മെഡിസിൻ വകുപ്പ് മേധാവിയും ജനറൽ ഫിസിഷ്യനുമായിരുന്ന സീനിയർ ഡോക്ടർ തന്നെ ബലമായി ചുംബിച്ചെന്നാണ് യുവഡോക്ടറുടെ പരാതി. കഴിഞ്ഞ ദിവസം ഡോക്ടറുടെ ചിത്രമുൾെപ്പടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവർ തനിക്കെതിരെ നടന്ന അതിക്രമം വെളിപ്പെടുത്തിയത്. പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും ഇവർ ഇ-മെയിൽ വഴി പരാതി നൽകി.

ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ആരോഗ്യമന്ത്രി വകുപ്പ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതി പൊലീസിന് കൈമാറാനും പരാതി മറച്ചുവെച്ചോ എന്നതുൾെപ്പടെ കാര്യങ്ങൾ അന്വേഷിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പിന്‍റെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തും. ആശുപത്രി ക്വാർട്ടേഴ്സിന് പുറത്തുള്ള സ്വകാര്യ കൺസൾട്ടേഷൻ മുറിയിൽ വെച്ച് തന്നെ ബലമായി ആലിംഗനം ചെയ്യുകയും മുഖത്ത് ചുംബിക്കുകയുമായിരുന്നെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. അടുത്തദിവസം തന്നെ ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും തുടക്കത്തിൽ നടപടിയൊന്നുമുണ്ടായില്ല. താൻ ഇന്‍റേൺഷിപ്പിലായിരുന്നതിനാൽ കുറ്റാരോപിതൻ തന്‍റെ സർട്ടിഫിക്കറ്റുകൾ തടയുമോയെന്ന് ഭയന്നാണ് കൂടുതൽ പരാതിപ്പെടാൻ തയാറാവാതിരുന്നതെന്നും അവർ വെളിപ്പെടുത്തി.

കുറ്റാരോപിതനായ ഡോക്ടർ ജില്ലയിലെ മറ്റൊരു സർക്കാർ ആശുപത്രിയിലേക്ക് സ്ഥലംമാറി. യുവഡോക്ടറുടെ പരാതി ആശുപത്രി അധികൃതർ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിക്കാരിയെ ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്ന് സെൻട്രൽ പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - A female doctor filed a sexual assault complaint against the former doctor of Ernakulam General Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.