പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 97 വര്‍ഷം കഠിനതടവ്

കാസര്‍കോട്: 12കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് കോടതി 97 വര്‍ഷം കഠിനതടവും എട്ടര ലക്ഷം രൂപ പിഴയും വിധിച്ചു.  കാസര്‍കോട് അഡീഷനല്‍ ഡിസ്ട്രിക്ട് ആൻഡ്​ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷിച്ചത്​. പിഴയടച്ചില്ലെങ്കില്‍ എട്ടര വര്‍ഷം കഠിനതടവ് അധികമായി അനുഭവിക്കാനും കോടതി ഉത്തരവിട്ടു. പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കാനും കോടതി നിര്‍ദേശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

ബന്ധുവായ പെണ്‍കുട്ടിയെ മൂന്നുവര്‍ഷം വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് കേസ്. 12 വയസ്സു മുതലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുതുടങ്ങിയത്. പെൺകുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലാവുകയും ചികിത്സ തേടുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എസ്​.എസ്​.എൽ.സി പരീക്ഷക്കുശേഷം കുട്ടി കടുത്ത വിഷാദരോഗത്തിന് അടിമയായി.

തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണസമയത്ത് പൊലീസിനു മുന്നിലും ആദ്യം കോടതിയിലും പീഡനവിവരങ്ങള്‍ തുറന്നുപറഞ്ഞ പെണ്‍കുട്ടിയെ പിന്നീട് പ്രതിയുമായി ബന്ധപ്പെട്ടവര്‍ മൊഴി മാറ്റി പറയിപ്പിച്ചിരുന്നു. എന്നാല്‍, മറ്റു തെളിവുകളും രേഖകളും പ്രതിക്ക് എതിരായതോടെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.

മഞ്ചേശ്വരം എസ്.ഐ ആയിരുന്ന സുഭാഷ് ചന്ദ്രനാണ് ആദ്യം അന്വേഷണം നടത്തിയത്​. ഇന്‍സ്പെക്ടർ ഇ. അനൂപ് കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള പീഡനം, പ്രകൃതിവിരുദ്ധ പീഡനം, പോക്സോ നിയമപ്രകാരം സംരക്ഷണം നല്‍കേണ്ട ബന്ധു തന്നെ പീഡിപ്പിക്കല്‍, 12 വയസ്സാകുന്നതിനു മുമ്പുള്ള പീഡനം തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും പ്രോസിക്യൂഷന്‍ 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Tags:    
News Summary - A case of molesting a minor girl; Accused gets 97 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.