അടൂര്‍ ഏഴംകുളം ദേവീക്ഷേത്രത്തിലെ ഗരുഡൻ തൂക്ക വഴിപാടിനിടെ പത്തടിയിലധികം ഉയരത്തിൽനിന്ന് കുഞ്ഞ് താഴെ വീഴുന്നു
അടൂര്‍: ഏഴംകുളം ദേവീക്ഷേത്രത്തിലെ ‘തൂക്ക’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ അടൂര്‍ പൊലീസ് സ്വമേധയ കേസെടുത്തു. തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിയാക്കിയാണ് കേസെടുത്തത്.
പത്തനംതിട്ട ഏഴംകുളം ദേവീക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി നടന്ന തൂക്കത്തിനിടെയാണ് സംഭവം. ‘തൂക്ക’ വഴിപാടിനിടെയാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കക്കാരന്‍റെ കൈയില്‍ നിന്ന് വീണത്. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്.
പത്തടിയോളം ഉയരത്തിൽ നിന്നാണ് കുഞ്ഞ് വീണത്. താഴെനിന്നവർ പിടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുഞ്ഞിന്‍റെ ഒരു കൈയിലെ എല്ലിന് പൊട്ടലുള്ളതായി പറയുന്നുണ്ട്. പത്തനാപുരം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ്. സംഭവസമയം ഇവരും താഴെ ഉണ്ടായിരുന്നു.
ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുള്ള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്‍റെ ഭാഗമാകാറുണ്ട്. ഇഷ്ടസന്താന ലബ്ധിക്കും ആഗ്രഹ പൂര്‍ത്തീകരണത്തിനുമായാണ് തൂക്കവഴിപാട് നടത്തുന്നത്.
സംഭവത്തിൽ ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടി. പത്തനംതിട്ട ജില്ല ശിശു സംരക്ഷണ സമിതിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ അടൂർ പൊലീസിന് നിർദേശം നൽകി. സംഭവത്തിൽ രക്ഷിതാക്കൾ പരാതി നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.