ഹോട്ടലിൽ പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്തതിന് 8400 രൂപ പിഴ
കണ്ണൂർ: ആരോഗ്യ- തദ്ദേശ വകുപ്പുകൾ സംയുക്തമായി നടത്തിയ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ജില്ലയിലെ മൂന്ന് ഹോട്ടലുകൾ അടപ്പിച്ചു. 84 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. ജില്ലയിലെ 1186 ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഒറ്റ ദിവസത്തെ പരിശോധനയില്‍ 100 സ്ക്വാഡുകള്‍ പങ്കെടുത്തു.
ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജൂസ് കടകള്‍, തട്ടുകടകള്‍, സോഡ-സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉല്പാദക കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുക, ശുചിത്വമില്ലായ്മ, മലിനജലം പുറത്തേക്ക് ഒഴുക്കി വിടുക, മാലിന്യം ശരിയായി സംസ്കരിക്കാതിരിക്കുക, പകര്‍ച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കുക, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുക എന്നീ കുറവുകള്‍ കണ്ടെത്തിയതിനാണ് 84 കടകള്‍ക്ക് നോട്ടിസ് നല്‍കിയത്. തളിപ്പറമ്പ്, പേരാവൂര്‍, മുണ്ടേരിമൊട്ട എന്നിവിടങ്ങളില്‍ ഗുണനിലവാര സര്‍ട്ടിഫിക്കറ്റോ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഇല്ലാതെ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് മൂന്ന് ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. പൊതുസ്ഥലത്തെ പുകവലി നിയമ ലംഘനത്തിനും പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കാത്തതിനും 8400 രൂപ കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കി. വിവിധ കടകളുടെ വാട്ടര്‍ ടാങ്കിന്റെ ശുചിത്വം, അതിഥി തൊഴിലാളി വിവരങ്ങള്‍ എന്നിവയും സംഘം പരിശോധിച്ചു. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.