ദുബൈയില്‍ സമാപിച്ച അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ യു.എ.ഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മർറിക്കൊപ്പം കേരള ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്.
ടൂറിസ്റ്റുകൾക്കായി ദുബൈ പൊലീസ് മാതൃകയിൽ കേരളത്തിൽ മൊബൈൽ ആപ്പ് ആരംഭിക്കും -മന്ത്രി വിഷ്ണുനാഥ്
ദുബൈ: കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്കായി ദുബൈ പൊലീസ് മാതൃകയിൽ മൊബൈൽ ആപ് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പിസി. വിഷ്ണുനാഥ്. സഞ്ചാരികൾക്ക് ഇതിലൂടെ നേരിട്ട് പൊലീസിന്‍റെ സഹായം ലഭ്യമാക്കും.
ദുബൈയിൽ ‘അറേബ്യൻ ട്രാവൽ മാർക്കറ്റി’ൽ കേരളത്തിന്‍റെ പവിലിയൻ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനിടെ പുതിയ 100 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു.
യു.എ.ഇ ടൂറിസം മന്ത്രിയെ നേരിൽ കണ്ട വിഷ്ണുനാഥ് അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിച്ചു. ഒമാനിൽനിന്ന് സംസ്ഥാനത്തേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മുമ്പ് മഴക്കാലത്ത് കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾഅടച്ചിരുന്നുവെങ്കിൽ ഇപ്പോൾ മൺസൂൺ ആസ്വദിക്കാനായി നിരവധി സഞ്ചാരികൾ കേരളത്തിലേക്ക് എത്തുകയാണ്. യു.എസ്, യു.കെ എന്നിവക്ക് പിന്നാലെ കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തുന്ന രാജ്യമായി ഒമാൻ മാറി.
അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ സഞ്ചാരികളെ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് കേരളം അറേബ്യൻ ട്രാവൽ മാർട്ടിൽ സാന്നിധ്യം ശക്തമാക്കിയത്. സീസൺ കാലത്തെ ഉയർന്ന ടിക്കറ്റ് നിരക്ക് ടൂറിസത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ആഘോഷ വേളകളിലെങ്കിലും ഓപ്പൺ സ്കൈ പോളിസി നടപ്പാക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു. യു.എ.ഇ സാമ്പത്തിക, ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുമായി പി.സി. വിഷ്ണുനാഥ് കൂടിക്കാഴ്ച നടത്തി. യു.എ.ഇ മന്ത്രിയെ കേരളത്തിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജുവും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.