മുംബൈ പൊലീസെന്ന വ്യാജേന യുവതിയിൽനിന്ന് 45 ലക്ഷം തട്ടി; മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്: സൈബർ തട്ടിപ്പിലൂടെ യുവതിയിൽനിന്ന് 45 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ. തമിഴ്നാട് ഡിണ്ടികൽ സൗരാഷ്ട്ര കോളനിയിലെ ബാലാജി രാഘവൻ (34), ഡിണ്ടികൽ ഭാരതിപുരം ഇന്ദ്രകുമാർ (20), വെല്ലൂർ പണപ്പാക്കം മോഹൻകുമാർ (27) എന്നിവരെയാണ് പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

കൊറിയർ സ്ഥാപനം വഴി യുവതിയുടെ പേരിൽ വിദേശരാജ്യത്തേക്കയച്ച പാർസലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്നും മുംബൈ പൊലീസിന്റെ നാർകോട്ടിക് വിഭാഗം നിയമനടപടികള്‍ തുടങ്ങിയെന്നും കേസിൽനിന്ന് രക്ഷിക്കാമെന്നും പറഞ്ഞ് മുംബൈ പൊലീസ് മേധാവിയെന്ന വ്യാജേന സംസാരിച്ചാണ് പാലക്കാട് പുത്തൂർ സ്വദേശിയായ യുവതിയിൽനിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തത്.

ആഗസ്റ്റ് 21ന് ഉച്ചയോടെയാണ് യുവതിക്ക് ഒരു നമ്പറിൽനിന്ന് ഫോൺ വന്നത്. ഫെഡക്സ് എന്ന കൊറിയർ സ്ഥാപനത്തിൽനിന്നാണെന്നും നിങ്ങള്‍ മുംബെയിൽനിന്ന് തായ്‌വാനിലേക്കയച്ച കൊറിയർ മടങ്ങിവന്നെന്നുമാണ് ആദ്യം പറഞ്ഞത്. തുടർന്ന് മുംബെ പൊലീസിലെ നാർകോട്ടിക് വിഭാഗത്തിന് ഫോൺ കണക്ട് ചെയ്യുന്നെന്ന് പറഞ്ഞ ഇവർ മുംബൈ ഡി.സി.പി എന്ന വ്യാജേന സംസാരിച്ചു.

കേസെടുത്തിട്ടുണ്ടെന്ന് വിശ്വസിപ്പിക്കാൻ യുവതിയുടെ ആധാർ നമ്പർ പറയുകയും ചെയ്തു. പരിഭ്രമത്തിലായ യുവതി കൊറിയർ അയച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും ആധാർ നമ്പർ പ്രകാരം യുവതി പ്രതിയാണെന്ന് പറഞ്ഞ പ്രതികൾ കേസും ജയിൽവാസവും ഒഴിവാക്കി സഹായിക്കാമെന്ന് വാഗ്ദാനം നൽകി. രണ്ടു ദിവസത്തിനുള്ളിൽ വിവിധ അക്കൗണ്ടുകളിലേക്ക് 44,99,996 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. പണം മുഴുവൻ നഷ്ടമായ യുവതി പിറ്റേന്നുതന്നെ പാലക്കാട് സൈബർ ക്രൈം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

Tags:    
News Summary - 45 lakhs extorted from young woman; Three people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.