രാജ്യദ്രോഹം: സംസ്ഥാനത്ത് 42കേസുകൾ; കൂടുതലും പോസ്റ്റർ പതിച്ചതിനും ലഘുലേഖ വിതരണത്തിനും

തിരുവനന്തപുരം: രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന 124(എ) വകുപ്പ് ചുമത്തി 2015 മുതൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 42 കേസുകൾ. മാവോവാദികൾ, കള്ളനോട്ടടിക്കാർ എന്നിവർക്കെതിരെയാണ് ഏറെ കേസുകളും. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലാണ് കേസുകളിലധികവും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചില കേസുകളിൽ പൊലീസ് ചുമത്തിയ രാജ്യദ്രോഹകുറ്റം ഹൈകോടതിയുടെ ഇടപെടലിലൂടെ റദ്ദാക്കിയിട്ടുമുണ്ട്. മാവോവാദി നേതാവ് രൂപേഷിനെതിരെ ചുമത്തിയ മൂന്ന് കേസുകളിൽ രാജ്യദ്രോഹക്കുറ്റം ഹൈകോടതി ഇടപെട്ട് റദ്ദാക്കിയത് ഉദാഹരണം.

സർക്കാറിനെ അട്ടിമറിക്കാൻ ശ്രമം, സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ വൻതോതിൽ കള്ളനോട്ടടിക്കൽ, സായുധവിപ്ലവത്തിന് ആഹ്വാനം, സായുധപരിശീലനം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളിലാണ് 124(എ) വകുപ്പ് ചുമത്താറുള്ളതെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ, സർക്കാറിനെതിരെ പോസ്റ്റർ ഒട്ടിച്ചതിനും ലഘുലേഖ വിതരണം ചെയ്തതിനുമെല്ലാം ഭീകരവിരുദ്ധ നിയമമായ യു.എ.പി.എക്കൊപ്പം 124(എ)വകുപ്പും പൊലീസ് ചുമത്താറുണ്ടെന്നതാണ് വസ്തുത.

എന്നാൽ, ഇത്തരം കേസുകളിൽ പലതിലും തെളിവുകളില്ലാത്തതിനാൽ കോടതി പിന്നീട് ആ വകുപ്പ് റദ്ദാക്കുന്നതാണ് കണ്ടുവരുന്നത്. കേരളത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത പല കേസുകളും രസകരമാണ്. പോസ്റ്റർ പതിച്ചതിനും ലഘുലേഖ വിതരണം ചെയ്തതിനുമാണ് മിക്ക കേസുകളിലും രാജ്യദ്രോഹകുറ്റം ചുമത്തിയിട്ടുള്ളത്. തോക്കും ആയുധങ്ങളുമായി മാവോവാദി ലഘുലേഖകൾ വിതരണം ചെയ്തതിന് കോഴിക്കോട്ട് രൂപേഷിനെതിരെ മൂന്നുകേസുകൾ, മാവോവാദി സി.പി. ജലീൽ കൊല്ലപ്പെട്ടതിൽ പൊലീസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പുരോഗമന യുവജന പ്രസ്ഥാനത്തിന്‍റെ പേരിൽ പോസ്റ്റർ പതിച്ചതിന്, സി.പി. ജലീൽ കൊല്ലപ്പെട്ടതിനെക്കുറിച്ച് സുപ്രീംകോടതി മാർഗനിർദേശപ്രകാരമുള്ള അന്വേഷണം വേണമെന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍റെ പോസ്റ്ററിനെതിരെ, ബേസ് മൂവ്മെന്‍റ് സംഘടനയുടെ പേരിൽ കൊച്ചി പൊലീസ് കമീഷണറേറ്റിൽ വാട്സ്ആപിൽ ഭീഷണിസന്ദേശം അയച്ചതിന്, സി.പി.ഐ(മാവോവാദി) സംഘടനയിൽ ചേരാൻ ആഹ്വാനം ചെയ്ത് കോഴിക്കോട്ട് നല്ലളത്ത് സ്കൂളിനടുത്തായി പോസ്റ്റർ പതിച്ചത് -തുടങ്ങിയവയാണ് ഈ വകുപ്പുപ്രകാരം എടുത്ത പ്രധാന കേസുകൾ.

സർക്കാറിനെതിരായ വിമർശനങ്ങൾക്കാണ് കേരളത്തിൽ പ്രധാനമായും ഈ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 124(എ)വകുപ്പ് റദ്ദാക്കിയാലും ഇതുവരെയെടുത്ത കേസുകൾ നിലനിൽക്കുമെന്നും റദ്ദാക്കുന്ന ദിവസം മുതലേ അതിനു പ്രാബല്യമുണ്ടാകൂയെന്നുമാണ് ഉന്നത പൊലീസ് വൃത്തങ്ങളുടെ വിശദീകരണം. 

News Summary - 42 cases in the state; Mostly for poster posting and pamphlet distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.