തിരുവനന്തപുരം: വരുന്ന സാമ്പത്തിക വർഷം 3500 കോടി രൂപയുടെ കാർഷിക വായ്‌പ വിതരണം ചെയ്യാനുള്ള നടപടികൾ ഉൾപ്പെടെയുള്ള ബജറ്റ് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പാസാക്കി. ഹൈകോടതിയുടെ നിർദേശപ്രകാരം വാർഷിക പൊതുയോഗം ചേർന്നാണ് ബജറ്റിന് അംഗീകാരം നൽകിയതെന്ന് പ്രസിഡന്റ് അഡ്വ. സി.കെ ഷാജിമോഹൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വയനാട് ദുരന്തബാധിതരായ 52 പേരുടെ വായ്‌പകൾ എഴുതിത്തള്ളാനുള്ള തീരുമാനത്തിനും യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി അംഗീകാരം നൽകി. 1,05,66,128 രൂപയുടെ വായ്‌പയാണ് എഴുതിത്തള്ളാൻ തിരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുള്ള വായ്‌പയുടെ പലിശ 10 ശതമാനത്തിൽ താഴെ മാത്രമായിരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
2024 മാർച്ച് 31ലെ കണക്കുപ്രകാരം ബാങ്കിൻറെ മൊത്തം വായ്‌പ 7824.75 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കിന് 35.496 കോടി രൂപയുടെ അറ്റാദായമുണ്ടായെന്നും ഷാജിമോഹൻ പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ വിവിധ മേഖലകളിലായി 2826.26 കോടി രൂപയുടെ വായ്‌പയാണ് സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് വിതരണം ചെയ്‌തത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 0.64 ശതമാനം അധികമാണ്.
വിതരണം ചെയ്‌ത വായ്‌പകളിൽ 45 ശതമാനവും കാർഷിക മേഖലയ്ക്കുള്ളതാണ്. 1287.19 കോടി രൂപയാണ് ഈയിനത്തിൽ വായ്‌പയായി വിതരണം ചെയ്‌തത്. 34 ശതമാനം ഗ്രാമീണ ഭവന നിർമ്മാണം, 11 ശതമാനം ഹ്രസ്വകാല വായ്‌പകൾ, 10 ശതമാനം കാർഷികേതര മേഖല എന്നിങ്ങനെയാണ് വിതരണം ചെയ്ത മറ്റു വായ്‌പകളെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ. നീലകണ്ഠൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.പി. അബ്ദുറഹ്മാൻ, ടി.എം. കൃഷ്ണൻ, ടി.എ. നവാസ്, എസ്.കെ. അനന്തകൃഷ്ണൻ, ടി.എം. നാസർ, എസ്. മുരളീധരൻ നായർ, ഒ.ആർ. ഷീല, പി.കെ. രവി, ഫിൽസൻ മാത്യൂസ്, ജെ.എസ്. സോമശേഖര തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.