തിരുവനന്തപുരം: സർക്കാർ ഹോമിൽനിന്ന് ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരനാണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ. മെഡിക്കൽ കോളജ് മടത്തുവിള വീട്ടിൽ വിഷ്ണു (35)വിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവിസ് അതോറിറ്റി കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.
2022 നവംബർ അഞ്ചിന് രാത്രി ഏഴോടെയാണ് സംഭവം. സർക്കാർ ഹോമിൽനിന്ന് 15 വയസ്സുള്ള രണ്ടുപെൺകുട്ടികൾ ഒളിച്ചോടി സുഹൃത്തിനെ കാണാൻ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ എത്തി. കുട്ടികളെ കണ്ട പ്രതി താൻ പൊലീസുകാരൻ ആണെന്നും എന്തിന് ഇവിടെ നിൽക്കുന്നുവെന്നും ചോദിച്ചു. ഭയന്ന കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി സ്കൂട്ടറിൽ പിന്തുടർന്ന് തടയുകയും ഭീഷണിപ്പെടുത്തി വാഹനത്തിൽ കയറ്റുകയും ചെയ്തു. തുടർന്ന് ഹോമിൽനിന്ന് ചാടിയ കേസിൽനിന്ന് ഒഴിവാക്കി നൽകാമെന്ന് പറഞ്ഞ് അടുത്തുള്ള ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
അടുത്ത ദിവസം പുലർച്ചെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിച്ചിട്ടു വരാം എന്ന് പറഞ്ഞു പ്രതി കുട്ടികളെ മെഡിക്കൽ കോളജ് ജങ്ഷനിൽ ഇറക്കി വിട്ട് മുങ്ങുകയായിരുന്നു. ഈ സമയം കുട്ടികളെ കാണാതായത് സംബന്ധിച്ച് ഹോം അധികൃതർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾ എവിടെ പോകണം എന്ന് അറിയാതെ മ്യൂസിയത്തിന് സമീപം എത്തിയപ്പോൾ പൊലീസ് കണ്ടെത്തി. തുടർന്ന് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. പൂജപ്പുര സബ് ഇൻസ്‌പെക്ടർ വി.പി. പ്രവീൺ, മെഡിക്കൽ കോളജ് സബ് ഇൻസ്‌പെക്ടർ എ.എൽ. പ്രിയ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും എട്ട് തൊണ്ടിമുതലും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.