തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം - മെഗാ പ്രദർശന വിപണന ഭക്ഷ്യ മേള 20 മുതൽ 27 വരെ കനകക്കുന്നിൽ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ജില്ലാതല ഉദ്ഘാടനം കനകക്കുന്നിൽ 20 രാവിലെ 11 ന് മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ ചേർന്ന് നിർവഹിക്കും.
'യുവതയുടെ കേരളം, കേരളം ഒന്നാമത്' ആശയത്തിലൂന്നിയാണ് ഇത്തവണത്തെ എന്റെ കേരളം മേള സംഘടിപ്പിക്കുന്നത്. മേളയുടെ സംസ്ഥാനതല സമാപനം 20 വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും ഈ ചടങ്ങിൽ പങ്കെടുക്കും.
സെക്രട്ടറിയേറ്റിലെ പി.ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രിമാരായ ജി.ആർ അനിൽ ആന്റണി രാജു, കലക്ടർ ജെറോമിക് ജോർജ് എന്നിവരും പങ്കെടുത്തു. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ ജനങ്ങൾക്ക് ലഭിക്കുന്ന മികച്ച അവസരമാണ് എന്റെ കേരളം മേളയെന്നും മറ്റ് ജില്ലകളിൽ ജനപങ്കാളിത്തം കൊണ്ട് മേളകൾ ശ്രദ്ധേയമായിരുന്നുവെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം, ആഘോഷ പരിപാടികളിൽ മാത്രമാക്കി ഒതുക്കാതെ നിരവധി ജനക്ഷേമ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയുള്ളതാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളും പ്രവർത്തനങ്ങളും വിശദീകരിക്കുന്ന നൂറോളം പ്രദർശന സ്റ്റാളുകൾ, പതിനാലോളം സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ തത്സമയം സൗജന്യമായി ലഭ്യമാക്കുന്ന സേവന സ്റ്റാളുകൾ, സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്ന നൂറിലധികം വിപണന സ്റ്റാളുകൾ, ജില്ലയിലെയും സമീപജില്ലകളിലെയും തനത് രുചികൾ വിളമ്പുന്ന അതിവിപുലമായ ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ നിശാഗന്ധിയിൽ കലാപരിപാടികൾ, യുവജനങ്ങൾക്കായുള്ള സർക്കാർ സേവനങ്ങളും പദ്ധതികളും തൊഴിലവസരങ്ങളും വിശദീകരിക്കുന്ന യൂത്ത് സെഗ്മെന്റ്, സാങ്കേതിക മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളും പുത്തൻ ആശയങ്ങളും വിശദീകരിക്കുന്ന ടെക്‌നോസോൺ, കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക കായിക - വിനോദ ഏരിയ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്.
രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേള നഗരി പ്രവർത്തിക്കുന്നത്. പ്രവേശനം പൂർണമായും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.