പാലക്കാട്: പൊലീസുകാരെന്ന വ്യാജേന യാത്രികരിൽനിന്ന് 25 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കുറ്റിപ്പുറം സ്വദേശി അബൂബക്കർ (43), പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീൻ (34) എന്നിവരെ കബളിപ്പിച്ച കേസിലാണ് ഒരാൾ പിടിയിലായത്. ഇയാളുടെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണൂർ പാസഞ്ചറിലാണ് സംഭവം. കോയമ്പത്തൂരിൽ സ്വർണം വിറ്റ് പണവുമായി മടങ്ങുകയായിരുന്ന ബദറുദ്ദീനിൽനിന്ന് 18 ലക്ഷവും അബൂബക്കറിൽനിന്ന് ഏഴു ലക്ഷവുമാണ് കവർന്നത്. പോത്തനൂർ ജങ്ഷനെത്തിയപ്പോൾ കാക്കി പാന്റ്സും വെള്ള ഷർട്ടും ധരിച്ച അഞ്ചുപേർ ഇവർക്കരികിലെത്തി. സ്പെഷൽ പൊലീസാണെന്ന് പറഞ്ഞ് പരിശോധിച്ച ശേഷം ബാഗിൽ സൂക്ഷിച്ച പണം കൈക്കലാക്കുകയായിരുന്നു.
അടുത്ത സ്‌റ്റോപ്പ് എത്തുമ്പോൾ ട്രെയിനിൽനിന്ന് ഇറങ്ങാനും പൊലീസ് സ്റ്റേഷനിലേക്ക് പോകാനും ആവശ്യപ്പെട്ടു. ട്രെയിൻ കഞ്ചിക്കോട് ജങ്‌ഷനിലെത്തിയപ്പോൾ കാറിൽ കയറ്റി മർദിച്ച് അവശരാക്കിയശേഷം വാളയാർ പൊലീസ് സ്‌റ്റേഷന് സമീപമുള്ള കനാൽപ്പിരിവ് ജങ്‌ഷനിൽ ദേശീയപാതയോരത്ത് തള്ളിയിട്ടു. പിന്നീട് കാർ കനാൽപ്പിരിവ്-മേനോൻപാറ റോഡ് വഴി കടന്നുപോയെന്നാണ് ഇരുവരും പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ വാളയാർ പൊലീസ് അന്വേഷണമാരംഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.