കോൺഗ്രസിൽ സമഗ്രമായ അഴിച്ചുപണി നടത്തണം: സോണിയാ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചു. തിങ്കളാഴ്ച പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ് മുതിർന്ന നേതാക്കൾ സോണിയയെ സമീപിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് പൂര്‍ണസമയ നേതൃത്വം വേണമെന്നതുള്‍പ്പെട്ടെ വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുന്നതാണ് 23 മുതിര്‍ന്ന നേതാക്കൾ ഒപ്പിട്ട കത്ത്.

കത്തയച്ചവരില്‍ 5 മുന്‍മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗങ്ങളും എം.പിമാരും മുന്‍കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ കേന്ദ്രമന്ത്രിമാരായ ആനന്ദ് ശർമ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, ഭൂപീന്ദർ സിങ് ഹൂഡ, രാജേന്ദർ കൗർ ഭട്ടൽ, എം വീരപ്പ മൊയ് ലി, പൃഥ്വിരാജ് ചൗഹാൻ, മുകുള്‍ വാസ്‌നിക്, പി.ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി എന്നിവരെല്ലാം പാർട്ടിയുടെ ഇപ്പോഴത്തെ നിലയിൽ അസംതൃപ്തി പ്രകടിപ്പിക്കുന്നവരിൽ ഉൾപ്പെടുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരാജയ കാരണം സത്യസന്ധമായി പാർട്ടി വിലയിരുത്തിട്ടില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയെ നയിക്കാനുള്ള നേതാക്കളെ തെരഞ്ഞെടുക്കുന്ന പുതിയ രീതി കൊണ്ടുവരണം. എ.ഐ.സി.സിയിലും പി.സി.സി ഓഫീസുകളിലും മുഴുവന്‍ സമയവും നേതാക്കൾ, സ്വതന്ത്ര തെരഞ്ഞെടുപ്പ് രീതി ഉറപ്പുവരുത്തുന്ന ബോഡി, പാർട്ടി ഭരണഘടനയനുസരിച്ച് മാത്രം വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കുന്നുവെന്ന്‌ കത്തില്‍ പറയുന്നു. യുവാക്കള്‍ നരേന്ദ്രമോദിക്ക് വോട്ടുചെയ്യുന്നതും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അടിത്തറ നഷ്ടപ്പെടുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം കെടുത്തുന്നതാണെന്ന് നേതൃത്വം ഗൗരവമായി മനസിലാക്കണം. നിലവിലെ നേതൃത്വത്തിനെതിരെ കത്തില്‍ വിമര്‍ശനമുണ്ട്. പാര്‍ട്ടിക്ക് മുഴുവൻ സമയനേതൃത്വമുണ്ടാകണമെന്നാണ് പ്രധാന ആവശ്യം. രണ്ടാഴ്ച മുമ്പാണ് കത്ത് അയച്ചതെന്നാണ് വിവരങ്ങള്‍.

ബി.ജെ.പിയുടെയും സംഘപരിവാറിന്‍റെയും വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കുന്ന അജണ്ട, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, മഹാമാരി, അതിർത്തി പ്രശ്നം ഇത്തരം പ്രതിസന്ധികളിലെല്ലാം കോൺഗ്രസിന്‍റെ പ്രതികരണം നിരാശജനകമാണ്. ഇത് പരിഹരിക്കാൻ പാർട്ടിയിൽ അടിമുടി മാറ്റം വേണം.

പാർട്ടിയെ മുന്നോട്ട് നയിക്കാൻ നേതാക്കളെ തെരഞ്ഞെടുക്കുന്ന പുതിയ രീതി കൊണ്ടുവരണം. എ.ഐ.സി.സിയിലും പി.സി.സി ഓഫീസുകളിലും മുഴുവന്‍ സമയവും നേതാക്കൾ, സ്വതന്ത്ര തെരഞ്ഞെടുപ്പ് രീതി ഉറപ്പുവരുത്തുന്ന ബോഡി, പാർട്ടി ഭരണഘടനയനുസരിച്ച് മാത്രം വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്- ഇതിനെല്ലാം വേണ്ടി പുതിയ തെരഞ്ഞെടുപ്പ് രീതി കൊണ്ടുവരണമെന്ന് കത്തിൽ പറയുന്നു. കോൺഗ്രസ് വിട്ടുപോയവരുമായി വീണ്ടും ആശയവിനിമയം നടത്തി ബി.ജെ.പി വിരുദ്ധ സഖ്യ മുന്നണി ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവും കത്തിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.