പുതിയ റെയില്‍വേ സമയക്രമം ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍

പാലക്കാട്: ഒക്ടോബര്‍ ഒന്നിന് റെയില്‍വേയുടെ പുതിയ സമയക്രമം നിലവില്‍ വരും. റാഞ്ചി (ഹാത്തിയ)-എറണാകുളം പ്രതിവാര എക്സ്പ്രസ്, സാന്ദ്രഗച്ചി-എറണാകുളം എക്സ്പ്രസ് എന്നിവയാണ് പുതുതായി കേരളത്തിന് അനുവദിച്ച ട്രെയിനുകള്‍. ട്രെയിനുകള്‍ക്ക് കണക്ഷന്‍ ലഭിക്കാനും മറ്റുമായി മിക്ക ട്രെയിനുകളുടെയും സമയത്തില്‍ ചെറിയ മാറ്റമുണ്ട്. പാലക്കാട്-പൊള്ളാച്ചി പാതയില്‍ സ്ഥിരം ട്രെയിനുകളില്ല. നിലവിലുള്ള നാല് സ്പെഷല്‍ ട്രെയിനുകള്‍ തുടരും. അമൃത എക്സ്പ്രസ് മധുരയിലേക്ക് നീട്ടാനുള്ള ശിപാര്‍ശയും നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് സ്വതന്ത്രമാക്കാനുള്ള നിര്‍ദേശവും അംഗീകരിക്കപ്പെട്ടില്ല.

പുതിയ സമയക്രമത്തില്‍ പാലക്കാട്-കോയമ്പത്തൂര്‍ മെമുവിന്‍െറ സമയം അഞ്ച് മിനിറ്റ് നേരത്തേയാക്കി. കണ്ണൂര്‍-ബംഗളൂരു എക്സ്പ്രസിന് കണക്ഷന്‍ ലഭിക്കാന്‍ കോഴിക്കോട്ടുനിന്നുള്ള കണ്ണൂര്‍ പാസഞ്ചര്‍ 15 മിനിറ്റ് നേരത്തേയാക്കി. ബംഗളൂരു ട്രെയിന്‍ നിലവിലുള്ളതില്‍നിന്ന് പത്തുമിനിറ്റ് വൈകിയാകും കണ്ണൂരില്‍നിന്ന് സര്‍വിസ് തുടങ്ങുന്നത്. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടുന്നത് പത്തുമിനിറ്റ് നേരത്തേയാക്കി. ഇനിമുതല്‍ ഉച്ചക്ക് 2.25ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടും. ഹൈദരാബാദ്-തിരുവനന്തപുരം ശബരി പുറപ്പെടുന്നതും പത്തു മിനിറ്റ് നേരത്തേയാക്കി. എന്നാല്‍, ഇത് കോട്ടയത്ത് എത്തുന്നത്  20 മിനിറ്റ് താമസിച്ചാകും. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഇനി മുതല്‍ അഞ്ച് മിനിറ്റ് നേരത്തേ കോഴിക്കോടുനിന്ന് പുറപ്പെടും. ഉച്ചക്ക് 1.35നാകും ശനിയാഴ്ച മുതല്‍ പുറപ്പെടുക. ഷൊര്‍ണൂരില്‍നിന്ന് ജനശതാബ്ദി പത്തുമിനിറ്റ് നേരത്തേ പുറപ്പെടും. തൃശൂരില്‍നിന്ന് ഇനിമുതല്‍ 21 മിനിറ്റ് നേരത്തേ, 3.35നാകും പുറപ്പെടുക.

എറണാകുളത്തുനിന്ന് ജനശതാബ്ദി പുറപ്പെടുന്നത് അഞ്ച് മിനിറ്റ് നേരത്തേയാകും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ളെങ്കിലും ചേര്‍ത്തല മുതല്‍ തൃശൂര്‍ വരെയുള്ള സ്റ്റേഷനുകളില്‍നിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് വൈകും. ഷൊര്‍ണൂര്‍ മുതല്‍ കോഴിക്കോടുവരെ അഞ്ച് മിനിറ്റ് വീതം നേരത്തേയാക്കി. മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് ശനിയാഴ്ച മുതല്‍ പത്തുമിനിറ്റ് നേരത്തേ പുറപ്പെടും. ഈ വണ്ടി ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടുന്ന സമയത്തില്‍ 15 മിനിറ്റിന്‍െറ വ്യത്യാസമുണ്ട്. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയുടെ സമയത്തിലും ചെറിയ മാറ്റമുണ്ട്. ഈ വണ്ടി കോഴിക്കോടുനിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് നേരത്തേയാക്കി. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി തൃശൂരില്‍നിന്ന് 15 മിനിറ്റ് വൈകിയാണ് യാത്ര തുടരുക. ഷൊര്‍ണൂരില്‍ പഴയ സമയത്തില്‍ മാറ്റമില്ല. കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി കോഴിക്കോടുനിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് നേരത്തേയാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.