തമ്മനം സ്വദേശിനിയുടെ തിരോധാനം; അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു

കൊച്ചി: തമ്മനം സ്വദേശിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് എന്‍.ഐ.എ ഏറ്റെടുത്തു. പൊലീസ് നേരത്തേ പ്രതികളാക്കിയ മൂന്ന് പേരെതന്നെ ഉള്‍പ്പെടുത്തി എറണാകുളം എന്‍.ഐ.എ കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താണ് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചത്. മുംബൈ സ്വദേശികളായ അര്‍ഷി ഖുറൈശി (45), റിസ്വാന്‍ ഖാന്‍ (53), കാണാതായ മെറിന്‍െറ ഭര്‍ത്താവ് ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹിയ എന്നിവരാണ് പ്രതികള്‍. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ (മതസ്പര്‍ധ വളര്‍ത്തല്‍), നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ (യു.എ.പി.എ) നിയമത്തിലെ 13 (നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക, ഇതിനായി പ്രേരിപ്പിക്കുക) തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. തമ്മനം സ്വദേശിയായ മെറിന്‍ ജേക്കബിനെ  2014 സെപ്റ്റംബറില്‍ മുംബൈയിലത്തെിച്ച് ഇസ്ലാമിലേക്ക് മതംമാറ്റിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍.ഐ.എ അന്വേഷണം. മെറിന്‍െറ സഹോദരന്‍ എബിന്‍ ജേക്കബാണ് ഇതുസംബന്ധിച്ച് നേരത്തേ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവും കേസിലെ രണ്ടാം പ്രതിയുമായ ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹിയയും ഒന്നാം പ്രതി അര്‍ഷി ഖുറൈശിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മര്‍യം എന്ന് പേര് നല്‍കിയ ശേഷം ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തുവെന്നുമായിരുന്നു പരാതി.

ഒന്നും രണ്ടും പ്രതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും മൂന്നാം പ്രതിയായ റിസ്വാന്‍ പെണ്‍കുട്ടിയുടെ രക്ഷിതാവായിനിന്ന് വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്തശേഷം തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് അര്‍ഷി ഖുറൈശിയെയും റിസ്വാന്‍ ഖാനെയും 24 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തത്. എന്‍.ഐ.എ കൊച്ചി യൂനിറ്റ് ഡി.എസ്.പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.