ചൂഷണ വേലകളുമായി ലേബര്‍ മാഫിയ

ഉപജീവനമാര്‍ഗം തേടിയത്തെിയവര്‍ കേരളത്തിലുണ്ടാക്കുന്ന സാമൂഹിക-ആരോഗ്യ പ്രശ്നങ്ങള്‍ സജീവ ചര്‍ച്ചയിലേക്ക് വരാറുണ്ടെങ്കിലും അവര്‍ക്കെതിരായ മലയാളിയുടെ ചൂഷണങ്ങള്‍ വിസ്മരിക്കാറാണ് പതിവ്. ഭാഷയുടെയും പ്രായോഗിക അറിവിന്‍െറയും പരിമിതിയെ മുതലെടുക്കുന്ന മലയാളികള്‍ നിരവധി. പൊതുസ്ഥലങ്ങളില്‍ ആക്ഷേപിച്ചും മര്‍ദിച്ചും ആനന്ദിക്കുന്നവരുമേറെ. കൂലിയുടെ വിഹിതം പറ്റി വളരുന്ന ലേബര്‍ മാഫിയ സുലഭവും.

കൊച്ചി മെട്രോയുടെ  നിര്‍മാണ പ്രവൃത്തികള്‍ക്ക് പിന്നില്‍ ഇതരദേശ തൊഴിലാളികളാണ്.  പൊരിവെയിലത്ത് കഠിന ജോലികള്‍ ഇവരുടെ അധ്വാനത്തില്‍ സജീവമാവുന്നതിനിടക്കാണ് മെട്രോനിര്‍മാണ ജോലി മുഴുവന്‍ മറുനാട്ടുകാര്‍ സ്വന്തമാക്കിയെന്ന് ആരോപിച്ച്  വിഹിതം പറ്റാനായി ഒരുവിഭാഗമത്തെിയത്. തര്‍ക്കത്തിനൊടുവില്‍, പണി ഏറ്റെടുത്ത ഉപകരാറുകാരില്‍നിന്ന് ‘വിഹിതം’നേടിയെടുത്ത് അവര്‍ മടങ്ങി. കൊച്ചിയിലെ മാള്‍ നിര്‍മാണത്തിന് മറുനാടന്‍ തൊഴിലാളികളെ എത്തിച്ചുകൊടുത്ത എറണാകുളത്തെ പ്രമുഖ തൊഴിലാളി യൂനിയന്‍ നേതാവും തൊഴിലാളികളുടെ കൂലിയില്‍നിന്ന് കൃത്യമായി വിഹിതം പറ്റിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികളെ വര്‍ക്ക് സൈറ്റുകളില്‍ എത്തിച്ചുകൊടുത്ത് അവര്‍ക്ക് കിട്ടുന്ന കൂലിയില്‍നിന്ന് കമീഷന്‍ പറ്റിയാണ് ‘ലേബര്‍ മാഫിയ’ വളരുന്നത്.  എന്നാല്‍, സ്വന്തം നാടിനെ അപേക്ഷിച്ച് ലഭിക്കുന്ന മൂന്നിരട്ടി കൂലിയെ ഓര്‍ത്ത് തൊഴിലാളികള്‍ ഈ ചൂഷണത്തിന് വഴങ്ങികൊടുക്കുന്നു.

കറവപ്പശുവാകുന്ന താമസകേന്ദ്രങ്ങള്‍

മറുനാടന്‍ തൊഴിലാളികള്‍ കേരളത്തിലെമ്പാടും വ്യാപിച്ചതോടെ അവര്‍ക്ക് താമസകേന്ദ്രങ്ങളൊരുക്കി കൊടുത്തും മലയാളികള്‍ വരുമാനം കൂട്ടുന്നു. കടമുറികള്‍ക്ക് മുകളില്‍  ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ് തയാറാക്കുന്ന മുറികളും ആള്‍ത്താമസമില്ലാത്ത  വീടുകളുമാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്.  ഇടുങ്ങിയ മുറികളില്‍ പത്തും പതിനഞ്ചും പേര്‍ ഞെങ്ങിഞെരുങ്ങി ജീവിക്കുന്നു.   ഈയിടെ തൊഴില്‍വകുപ്പ് നടത്തിയ പരിശോധനയില്‍ ഒരുമുറിയില്‍ ശരാശരി എട്ടുപേരാണ് കഴിയുന്നതെന്ന് കണ്ടത്തെി. എറണാകുളം ജില്ലയിലെ  134 ലേബര്‍ ക്യാമ്പുകളില്‍ പരിശോധനയില്‍ ദയനീയ സാഹചര്യങ്ങള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ചിലത്  അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. ഇടുക്കിയിലെ ഏലത്തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍, നിര്‍മാണമേഖല തുടങ്ങിയവിടങ്ങളിലെ തൊഴിലാളികളെ വരുതിക്കുനിര്‍ത്താന്‍ ഇടനിലക്കാര്‍ക്ക് സ്വന്തമായി ഗുണ്ടകളുണ്ട്.  നിശ്ചിതതുക കമീഷനായി ഇടനിലക്കാരന്‍ എടുത്തശേഷം ബാക്കിയുള്ളതേ തൊഴിലാളിക്ക് നല്‍കൂ. ഇത് ചോദ്യംചെയ്താല്‍ ശാരീരികമായി പീഡിപ്പിക്കുകയും ജോലിയുടെ കാഠിന്യമേറുകയും ചെയ്യും.

രേഖകള്‍ തയാറാക്കാനും മാഫിയ

പശ്ചിമ ബംഗാളില്‍നിന്ന് എന്ന വ്യാജേന ബംഗ്ളാദേശി പൗരന്മാരും  കേരളത്തില്‍ ജോലിചെയ്യുന്നുണ്ട് എന്ന് കണ്ടത്തെിയതോടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കാന്‍  പൊലീസ് നടപടി ആരംഭിച്ചിരുന്നു. ഈ സമയത്താണ് രേഖ തയാറാക്കല്‍ മാഫിയ വളര്‍ന്ന് വന്നത്. തിരിച്ചറിയല്‍ രേഖയായി വ്യാജ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ തയാറാക്കി നല്‍കുകയാണ് ഈ ലോബി ചെയ്യുന്നത്. ബംഗാളിലെ ഏതെങ്കിലും ഉള്‍ഗ്രാമത്തിലെ വിലാസംവെച്ച് തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കും. ഇത്തരം തിരിച്ചറിയല്‍ രേഖകളുമായി ബംഗ്ളാദേശികളും ബംഗാള്‍ സ്വദേശികള്‍ എന്ന പേരില്‍ ഇവിടെ കഴിയുന്നുണ്ട്.   ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരിച്ചറിയല്‍ രേഖകളുടെ സൂക്ഷിക്കല്‍ ക്രമപ്രകാരമല്ലാത്തതിനാല്‍ ഓരോരുത്തരുടെയും കൈയിലിരിക്കുന്ന രേഖ ഒറിജിനലാണോ വ്യാജനാണോ എന്ന് കണ്ടത്തെുക പ്രയാസം.  കേസുകളുടെ അന്വേഷണവുമായി എത്തിയവരോട്  വിരലടയാളം ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളൊന്നും സൂക്ഷിക്കുന്നില്ളെന്നാണ് അസം പൊലീസ് വിശദീകരിച്ചത്.  

 മുതലെടുക്കാന്‍ അന്ധവിശ്വാസവും

മറുനാടന്‍ തൊഴിലാളികള്‍ക്കിടയിലുള്ള അന്ധവിശ്വാസത്തെയും മുതലെടുക്കുന്നവരുണ്ട്.  എറണാകുളം കാക്കനാട് കെട്ടിടനിര്‍മാണ സൈറ്റുകളില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍, ജനനേന്ദ്രിയത്തെ അജ്ഞാതരോഗം ബാധിക്കുന്നെന്ന ഭീതിയില്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയിരുന്നു.  പശ്ചിമ ബംഗാളില്‍നിന്ന്  നാടുവിട്ടവരെ തിരികെയത്തെിക്കാന്‍ അവിടെയുള്ളവര്‍  മന്ത്രവാദവും കൂടോത്രവും ചെയ്തതിനാലാണ് രോഗം വന്നതെന്നായിരുന്നു പ്രചാരണം. ഇതത്തേുടര്‍ന്ന് ലേബര്‍ ക്യാമ്പുകളിലും വര്‍ക്ക് സൈറ്റുകളിലും ബംഗാളി തൊഴിലാളികള്‍ പ്രത്യേക പൂജ നടത്തുകയും ചെയ്തു. മന്ത്രവാദികളുടെ നിര്‍ദേശമനുസരിച്ച്  ചെവിയിലും നെറ്റിയിലും ചുണ്ണാമ്പ് പുരട്ടി, പച്ച മുളക് മാലയണിഞ്ഞാണ് പലരും ജോലിക്കത്തെിയത്. പൂജ ചെയ്യാനുള്ള മന്ത്രവാദികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നത്തെുന്നുണ്ട്. ഇത് കൂടാതെ മലയാളി ‘മന്ത്രവാദി’കളും അന്ധവിശ്വാസത്തെ മുതലെടുക്കുന്നു.
അന്ധവിശ്വാസം ശക്തമായതോടെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അന്നത്തെ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ മന$ശാസ്ത്രജ്ഞരടക്കമുള്ള പ്രത്യേകസംഘം ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. കുടുംബത്തെ പിരിഞ്ഞതിലുണ്ടായ ടെന്‍ഷനും ഭീതിയും ശാരീരിക-മാനസികഅസ്വസ്ഥതകളുണ്ടാക്കിയതാണെന്ന് പരിശോധനയില്‍ കണ്ടത്തെി. ഇപ്പോഴും വര്‍ക്ക് സൈറ്റില്‍ പാമ്പിനെ കണ്ടാലും മറ്റും ദുര്‍ലക്ഷണത്തിന്‍െറ പേരില്‍ പൂജ നടത്തുന്ന സംഘങ്ങളുണ്ട്.
ചൂഷണത്തില്‍നിന്ന് വഴിതേടി
ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് രക്ഷതേടി സ്വയം തൊഴില്‍ കണ്ടത്തെിയവരുമുണ്ട്.  വട്ടക്കൊട്ടയില്‍ മീന്‍ പിടിച്ച് റോഡരികില്‍ വില്‍ക്കുന്ന ഒഡിഷക്കാരുണ്ട്. കുടുംബവും കുട്ടികളുമായി എത്തിയവര്‍ എറണാകുളത്തെ കായല്‍ മധ്യത്തില്‍നിന്നാണ് ഇത്തരത്തില്‍ മീന്‍ പിടിക്കുന്നത്.  ഇളനീര്‍, പേരക്ക, മറ്റ് പഴവര്‍ഗങ്ങള്‍, കാര്‍പെറ്റ്, കളിക്കോപ്പുകള്‍, കണ്ണട തുടങ്ങിയവ വിറ്റ് വരുമാനം കണ്ടത്തെുന്നവരുമുണ്ട്. ഉന്തുവണ്ടിയില്‍ ഭേല്‍പൂരി വിറ്റ് മലയാളിക്ക് പുതിയ ഭക്ഷണശീലം സമ്മാനിക്കുന്നവരുമുണ്ട്.
ഞങ്ങള്‍ ആരോടാണ് പരാതി പറയേണ്ടത്?
കോഴിക്കോട് ചെറുവണ്ണൂരില്‍ ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തില്‍ ജോലിക്കാരിയായിരുന്നു അസം സ്വദേശി അനിത. അഞ്ചും ഏഴും വയസ്സുള്ള തന്‍െറ കുട്ടികള്‍ക്ക്  വിദ്യാഭ്യാസ സൗകര്യം ഒരുക്കണമെന്ന ്തൊഴിലുടമയോട് ആവശ്യപ്പെട്ടതോടെ അനിതയുടെ തൊഴില്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ അനിത എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. പൊലീസോ സന്നദ്ധസംഘടനകളോ തൊഴില്‍വകുപ്പോ ഇടപെട്ടില്ല.  പലപ്പോഴും നാട്ടുകാര്‍ തൊഴിലാളികളുടെ വീടുകളില്‍ കയറി പണം തട്ടിപ്പറിക്കും. കൊടുത്തില്ളെങ്കില്‍ മര്‍ദിക്കും. ഫറോക്ക് ഭാഗങ്ങളില്‍ പലയിടങ്ങളിലും ഇതര സംസ്ഥാനക്കാരെ പട്ടികകൊണ്ട് മര്‍ദിച്ചപ്പോള്‍ പൊലീസ് തിരിഞ്ഞുനോക്കിയില്ല.  സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഇതര സംസ്ഥാനക്കാരെ ഉപയോഗപ്പെടുത്തി അവരെ കേസുകളില്‍ കുറ്റക്കാരാക്കുന്ന പ്രവണതയുമുണ്ട്. വീട്ടുപണികളില്‍ ഉടമയയോട് വന്‍തുക വാങ്ങി പകുതിപോലും തൊഴിലാളിക്ക് നല്‍കാത്ത കരാറുകാരുണ്ട്. രണ്ടുവര്‍ഷം മുമ്പ് പെരുമണ്ണയില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള പണം പോലും ഉടമകള്‍ നല്‍കിയില്ല. ഒരുവര്‍ഷം മുമ്പ് കോടമ്പുഴയില്‍ രണ്ട് തൊഴിലാളികള്‍ വാഹനമിടിച്ച് മരിച്ചപ്പോഴും കോഴിക്കോട് കെ.എസ്.യു.ഡി.പി മാന്‍ഹോളില്‍ കുടുങ്ങി രണ്ട് ആന്ധ്ര സ്വദേശികള്‍ മരിച്ചപ്പോഴും  ഇവരുടെ മൃതദേഹം എത്തിക്കുന്നതിന് നടപടിയുണ്ടായില്ല.

(തുടരും )

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.