ബസിടിച്ച് നിയന്ത്രണംവിട്ട ലോറി കയറി അധ്യാപിക മരിച്ചു; രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് പരിക്ക്

വൈപ്പിന്‍: അമിതവേഗത്തില്‍ വന്ന സ്വകാര്യ ബസ് തട്ടി നിയന്ത്രണം തെറ്റിയ മിനിലോറി അധ്യാപികമാരുടെ മേല്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഴുപ്പിള്ളി സെന്‍റ് അഗസ്റ്റിന്‍സ് സ്കൂളിലെ അധ്യാപിക കുഴുപ്പിള്ളി ചിയേഴത്ത് മിനി ജോസാണ് (47)  മരിച്ചത്. സാരമായി പരിക്കേറ്റ അധ്യാപികമാരായ റീജ ജോര്‍ജ് പുളിക്കന്‍ (38), പറവൂര്‍ പെരുമ്പടന്ന  മേച്ചേരി സ്മിത സൈമണ്‍ (36) എന്നിവരെ എറണാകുളത്തെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിനി വൈകുന്നേരം ഏഴുമണിയോടെയാണ് മരിച്ചത്.  ചൊവ്വാഴ്ച വൈകുന്നേരം നാലരക്ക് കുഴുപ്പിള്ളി പാലത്തിന് തെക്കുഭാഗത്ത്   എറണാകുളത്തുനിന്ന് പറവൂരിലേക്ക് പോവുകയായിരുന്ന എസ്.എന്‍. ട്രാന്‍സ്പോര്‍ട്ട് എന്ന  ബസാണ് അപകടം വരുത്തിയത്.  സ്റ്റോപ്പില്‍  നിര്‍ത്താതെ  അമിത വേഗത്തില്‍ പാഞ്ഞ ബസ് മിനിലോറിയെ മറികടക്കവെ  ലോറിയുടെ പിന്നില്‍ ഇടിച്ചു.

നിയന്ത്രണം വിട്ട ലോറി പോസ്റ്റ് തകര്‍ത്ത് സ്കൂള്‍ വിട്ട് മടങ്ങുകയായിരുന്ന അധ്യാപകരെ  ഇടിച്ചുവീഴ്ത്തി. ഒരു ഗുഡ്സ് ഓട്ടോയില്‍ ഇടിച്ചാണ് ലോറി നിന്നത്. ഇത് മറ്റൊരു  ഓട്ടോയിലും ഇടിച്ചു. മുനമ്പം എസ്.ഐ ജി. അരുണിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി ബസും ലോറിയും ഓട്ടോകളും കസ്റ്റഡിയിലെടുത്തു. അപകടം നടന്ന ഉടനെ കടന്നുകളഞ്ഞ ബസ് ഡ്രൈവര്‍ അയ്യമ്പിള്ളി സ്വദേശി രഞ്ജിത്തിനെ (29) പിന്നീട് പൊലീസ് പിടികൂടി. മിനിലോറി ഡ്രൈവര്‍ ആലുവ കൊങ്ങോര്‍പ്പിള്ളി സ്വദേശി സുലൈമാനെ (56) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരനായ ജോര്‍ജ് എന്നയാള്‍ക്കും പരിക്കുണ്ട്.

മിനിയുടെ ഭര്‍ത്താവ് ജോസ്. മക്കള്‍: വിദ്യാര്‍ഥികളായ മനു (തലശ്ശേരി എന്‍ജിനീയറിങ് കോളജ്), ജോ (വിദ്യാര്‍ഥി ഓറിയന്‍റല്‍ ഹോട്ടല്‍ മാനേജ്മെന്‍റ്) മരിയ (സെന്‍റ് അഗസ്റ്റിന്‍സ് സ്കൂള്‍, കുഴുപ്പിള്ളി )

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.