മന്ത്രി കടകംപള്ളിയുടെ അറസ്റ്റിന് അനുമതി തേടി സ്പീക്കർക്ക്​ കത്ത്​

തിരുവനന്തപുരം: വിവിധ കേസുകളില്‍ ജാമ്യമെടുക്കാത്തതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്പീക്കര്‍ക്ക് അയച്ച കത്ത് നിയമപരിശോധനക്ക് കൈമാറി. അസാധാരണമായ നടപടി ആയതിനാല്‍ നിയമവിദഗ്ധരുമായി ആലോചിച്ച് മാത്രമേ നടപടി കൈക്കൊള്ളാനാകൂവെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. പ്രതിഷേധസമരവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് മന്ത്രിക്കെതിരായുള്ളത്. പലതും സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിലുള്ളതാണ്. എന്നാലിതില്‍ പലതിലും ജാമ്യമെടുത്തിരുന്നില്ല.  മന്ത്രിയാകുന്നതിനുമുമ്പും ശേഷവും കോടതിയില്‍ ഹാജരാകുന്നതിന് നിരവധി സമന്‍സുകള്‍ അയച്ചിരുന്നു. പക്ഷേ, നേരിട്ട് ഹാജരാകുകയോ അഭിഭാഷകന്‍ മുഖേന കോടതിയെ വിവരം ധരിപ്പിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെ കേസിലെ വിചാരണ നടപടികള്‍ നീണ്ടുപോവുകയാണ്. ഈ സാഹചര്യത്തിലാണ് അറസ്റ്റിലേക്ക് കടക്കാന്‍ കോടതി സ്പീക്കറുടെ അനുമതി തേടിയത്. സാമാജികര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ അനുശാസിക്കുന്നതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്പീക്കറുടെ അനുമതി തേടേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി കത്തയച്ചത്. എന്നാല്‍, സഭ സമ്മേളിക്കുമ്പോള്‍ മാത്രമേ അറസ്റ്റിന് സ്പീക്കറുടെ അനുമതി ആവശ്യമുള്ളൂവെന്നാണ് സ്പീക്കര്‍ക്ക് ലഭിച്ചിരിക്കുന്ന പ്രാഥമിക നിയമോപദേശം. അതിനാല്‍ ഇക്കാര്യം കൂടുതല്‍ ഗൗരവത്തോടെ കാണാനാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍െറ തീരുമാനം. കഴിഞ്ഞദിവസം അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചതായും സൂചനയുണ്ട്. ഹൈകോടതി അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരുമായും വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അതേസമയം, ജനകീയപ്രശ്നങ്ങളില്‍ മുന്നിട്ടിറങ്ങിയതുമായി ബന്ധപ്പെട്ട കേസുകളാണ് തനിക്കെതിരെയുള്ളതെന്നാണ് കടകംപള്ളിയുടെ നിലപാട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.