ബാര്‍കോഴ അന്വേഷണ അട്ടിമറി: പരാതി അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണം അട്ടിമറിച്ചെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടു. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കും എസ്.പി സുകേശനും എതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജിയെതുടര്‍ന്നാണ് ഉത്തരവ്. കെ.എം. മാണിക്കെതിരായ തെളിവുകള്‍ അവഗണിക്കാന്‍ നിര്‍ദേശിച്ച ശങ്കര്‍ റെഡ്ഡി സുകേശന് അയച്ച മൂന്ന് കത്തുകളാണ് പ്രാഥമിക അന്വേഷണത്തിന് വഴിവെച്ചത്.

അതേസമയം, ഹരജിയെ എതിര്‍ക്കാതിരുന്ന വിജിലന്‍സ് ശങ്കര്‍ റെഡ്ഡി നിര്‍ദേശിച്ചപ്രകാരമാണ് സുകേശന്‍ മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉന്നത ഉദ്യോഗസ്ഥന്‍ നല്‍കിയ നിര്‍ദേശം അനുസരിക്കുക മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ആര്‍.സുകേശന്‍ ചെയ്തതെന്നും വിജിലന്‍സ് രേഖാമൂലം കോടതിയെ അറിയിച്ചു. മുന്‍ ഡയറക്ടറെ തള്ളിയും എസ്.പിയെ അനുകൂലിച്ചും നല്‍കിയ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം പ്രാഥമിക അന്വേഷണത്തിനുത്തരവിട്ട് വിധിയില്‍ കോടതി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വിജിലന്‍സ്കോടതിയുടെ ഉത്തരവ് പ്രകാരം തുടരന്വേഷണം നടത്തുന്നതിനിടെ ശങ്കര്‍ റെഡ്ഡി മൂന്ന് തവണയാണ് തെളിവുകള്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സുകേശന് കത്തയച്ചത്. 2015 ഡിസംബര്‍ 23, 26 തീയതികളിലും 2016 ജനുവരി 11നും കത്തുകള്‍ അയച്ചതായാണ് കോടതി കണ്ടത്തെിയത്. ആദ്യ കത്തില്‍ തെളിവുകള്‍ അപര്യാപ്തമാണെന്ന് അവകാശപ്പെട്ട ശങ്കര്‍ റെഡ്ഡി കൂടുതല്‍ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചു. രണ്ടാമത്തെ കത്തിലൂടെ കേസിലെ പ്രധാന സാക്ഷിയായ അമ്പിളിയുടെ മൊഴി അവഗണിക്കാന്‍ ആവശ്യപ്പെട്ടതായും കോടതി കണ്ടത്തെി.  2016 ജനുവരി 11ന് അയച്ച കത്തിലൂടെ മാണിക്കെതിരെ തെളിവില്ളെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുകേശനോട് ആവശ്യപ്പെട്ടു.45 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കോടതി നിര്‍ദേശം നല്‍കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.