കൊച്ചി മെട്രോ: ഫീഡര്‍ ബസുകള്‍ക്ക് വായ്പ ഉറപ്പാക്കി ജര്‍മന്‍ സംഘം

കൊച്ചി: കൊച്ചി മെട്രോയുടെ 785 ഫീഡര്‍ ബസുകള്‍ക്ക് ജര്‍മന്‍ ധനകാര്യസ്ഥാപനം കെ.എഫ്.ഡബ്ള്യുവിന്‍െറ ധനസാഹായം ഉറപ്പായി. മെട്രോയുടെ ഭാഗമായ സമഗ്ര ജലഗതാഗത പദ്ധതിക്കുള്ള വായ്പ കരാറില്‍ ഒപ്പുവെച്ചിട്ടുള്ള കെ.എഫ്.ഡബ്ള്യു പ്രതിനിധി സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടിസ്ഥാന വികസനമടക്കം പദ്ധതിക്ക് ആവശ്യമായ 560 കോടിയില്‍ 80 ശതമാനം തുക വായ്പയായി നല്‍കുമെന്ന് കെ.എഫ്.ഡബ്ള്യു പ്രതിനിധി ജൂലിയ സ്കോര്‍ട്ടസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഫീഡര്‍ സര്‍വിസിനുള്ള ബസുകള്‍ വാങ്ങാന്‍ മാത്രമായി 486 കോടിയാണ് വേണ്ടത്. കേരള അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ്(കെ.യു.ആര്‍.ടി.സി)പദ്ധതിയുടെ നടത്തിപ്പ് ചുമതല. കൊച്ചിയില്‍ മൂന്നാംവട്ട സന്ദര്‍ശനത്തിനത്തെിയ കെ.എഫ്.ഡബ്ള്യു പ്രതിനിധികള്‍ കൊച്ചി മെട്രോയുടെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നിര്‍മാണപുരോഗതി വിലയിരുത്തി. തുടര്‍ന്ന് കെ.എം.ആര്‍.എല്‍, കെ.യു.ആര്‍.ടി.സി പ്രതിനിധികളുമായി സംഘം ചര്‍ച്ചനടത്തി. കൊച്ചി മെട്രോയുടെ ഭാഗമായി വിശാല കൊച്ചിയില്‍ മാത്രമാകും കെ.യു.ആര്‍.ടി.സി ഫീഡര്‍ സര്‍വിസ് നടത്തുക.

പ്രകൃതിവാതകം ഉപയോഗിക്കുന്ന ബസുകളും ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രിക് ബസുകളുമായിരിക്കും ഉപയോഗിക്കുക. 785 ബസുകളില്‍ 150 എണ്ണം ശീതീകരണ സംവിധാനമുള്ളവയുമായിരിക്കും. 25 സീറ്റും16 സീറ്റുമുള്ള രണ്ടുതരം ബസുകളായിരിക്കും നിരത്തിലിറക്കുകയെന്നും നിലവില്‍ കെ.യു.ആര്‍.ടി.സി ഈടാക്കുന്ന നിരക്കുതന്നെയായിരിക്കും ഫീഡര്‍ ബസുകള്‍ക്കും ഏര്‍പ്പെടുത്തുകയെന്നും കെ.യു.ആര്‍.ടി.സി പ്രതിനിധി ഭദ്രനാഥ് വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സമര്‍പ്പിച്ചു. ആഗോള ടെന്‍ഡറടക്കം നടപടി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
പുതുവൈപ്പ് ടെര്‍മിനലില്‍നിന്നുള്ള പ്രകൃതിവാതകമായിരിക്കും ബസുകളില്‍ ഉപയോഗിക്കുക. ഇതിനായി ആദ്യ ഫില്ലിങ് സ്റ്റേഷന്‍ ആലുവയിലും രണ്ടാമത് തേവരയിലും സ്ഥാപിക്കും. ഭുവനേശ്വര്‍, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ വിഭാവനം ചെയ്ത ഇന്തോ-ജര്‍മന്‍ സ്മാര്‍ട്ട് സിറ്റികള്‍ക്ക് ജര്‍മന്‍ സാങ്കേതികവിദ്യ അടക്കം ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാന്‍ തയാറാണെന്ന് ജൂലിയ സ്കോര്‍ട്ടസ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നും സംഘം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.