ബി.ജെ.പി ദേശീയ കൗണ്‍സിലിന് നാളെ തുടക്കം

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലിന് വെള്ളിയാഴ്ച കോഴിക്കോട്ട് തുടക്കമാവും. പ്രധാനമന്ത്രി,13 മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരടക്കം സംഗമിക്കുന്നതോടെ കോഴിക്കോട് മിനി കാബിനറ്റാവും. ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ മുഴുവന്‍  ഈ നഗരിയിലേക്ക് തിരയും. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളും നഗരത്തില്‍ തമ്പടിച്ചു.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സരോവരം, കടപ്പുറം, കടവ് റിസോര്‍ട്ട് എന്നിവിടങ്ങളില്‍  നടക്കുന്ന സമ്മേളനത്തിനുള്ള 1700  പ്രതിനിധികള്‍ എത്തിത്തുടങ്ങി. സരോവരത്ത് ഫ്രന്‍റ് ഓഫിസ്, കൗണ്‍സില്‍ പ്രതിനിധി സമ്മേളനം, മീഡിയ, വി.വി.ഐ.പി, പൊതുജന ഡൈനിങ് ഹാള്‍, എക്സിബിഷന്‍ എന്നീ പവലിയനുകള്‍ ഉണ്ടാവും. പ്രധാനമന്ത്രിക്ക് ഏത് നിമിഷവും കാബിനറ്റ് യോഗം വിളിക്കാനുള്ള സംവിധാനം അടക്കം  ഒരുക്കിയിട്ടുണ്ട്. 24 ന് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. അയ്യായിരത്തോളം വി.ഐ.പി പാസുകള്‍ വിതരണം ചെയ്യും. ഇവരും സമ്മേളന പ്രതിനിധികളും അടക്കം പതിനായിരത്തോളം പേര്‍ക്കാണ് കടപ്പുറത്ത് ഇരിപ്പിടം ഉണ്ടാവുക. വേദിയില്‍ പ്രധാനമന്ത്രി, പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡ് അംഗങ്ങള്‍, കേരളത്തിലെ മുന്‍ പ്രസിഡന്‍റുമാര്‍, ഇപ്പോഴത്തെ പ്രസിഡന്‍റ് എന്നിവര്‍ക്ക് മാത്രമാണ്  ഇരിപ്പിടം. 25ന് സരോവരത്ത് 2500 പ്രതിനിധികള്‍ക്ക് കേരളീയ സദ്യയൊരുക്കും.

പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ് പാചക ചുമതല. മൂവായിരം പേര്‍ക്ക് ബുഫേ സംവിധാനത്തില്‍ ഭക്ഷണ സൗകര്യമുണ്ടാവും. ഇതിനായി 16 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അമ്പതിനായിരം കുടിവെള്ള കുപ്പികള്‍ സമ്മേളന നഗരിയില്‍ വിതരണം ചെയ്യും. ആയിരത്തോളം വളന്‍റിയര്‍മാര്‍ രംഗത്തുണ്ടാകും.

ആരോഗ്യ സുരക്ഷക്ക് 67 ഡോക്ടര്‍മാര്‍ അടങ്ങിയ ക്യാമ്പ് കോട്ടൂളിയില്‍ പ്രവര്‍ത്തിക്കും. ബീച്ച് 5, സരോവരം 5,  കടവ് 2 എന്നിങ്ങനെ കിടക്കകള്‍ സജ്ജീകരിക്കും. രണ്ട് കാര്‍ഡിയോളജി , ഒരു ന്യൂറോളജി, ഒരു അനസ്തേഷ്യ, രണ്ട് ഫിസിഷന്‍, ഒരു ലേഡി ഡോക്ടര്‍  എന്നിങ്ങനെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവും.

പ്രതിനിധികള്‍ക്ക് വിളിച്ചാല്‍ ഉടന്‍ താമസസ്ഥലത്ത് ഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ മുഴുസമയ മൊബൈല്‍ അലേര്‍ട്ട് സംവിധാനവുമുണ്ടാകും. സരോവരം, കടപ്പുറം എന്നിവിടങ്ങളിലെ മാലിന്യം കോര്‍പറേഷനുമായി സഹകരിച്ച് ശേഖരിച്ച് മൈസരൂവിലേക്ക് അയക്കും. സരോവരത്ത് അമ്പതും കടപ്പുറത്ത് പന്ത്രണ്ടും ഇ-ടോയ്ലറ്റ് സംവിധാനമൊരുക്കും. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വ്യാഴാഴ്ച രാവിലെ 11ന് കരിപ്പൂരില്‍ വിമാനമിറങ്ങും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.