പറമ്പിക്കുളം-ആളിയാര്‍ കരാര്‍: പുനരവലോകനത്തിന് കേരള സര്‍ക്കാര്‍ നീക്കം തുടങ്ങി

പാലക്കാട്: കേരളവും തമിഴ്നാടും തമ്മിലുള്ള പറമ്പിക്കുളം-ആളിയാര്‍ (പി.എ.പി) കരാര്‍ പുനരവലോകനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കമാരംഭിച്ചു. തമിഴ്നാട് ഉദ്യോഗസ്ഥരെ പറമ്പിക്കുളത്ത് വനംവകുപ്പ് തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പാലക്കാട് കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം കരാര്‍ പുനരവലോകനം ചെയ്യാന്‍ ചീഫ് സെക്രട്ടറിക്ക് ശിപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച് വകുപ്പുതലത്തിലും നടപടികള്‍ വേഗത്തിലാക്കി.

കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാന കാലത്ത് പാതി വഴിക്ക് മുടങ്ങിപ്പോയ നീക്കത്തിനാണ് വീണ്ടും ജീവന്‍ വെച്ചത്. അന്തര്‍ സംസ്ഥാന നദികളായ പെരിയാര്‍, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ എന്നിവയിലെ വെള്ളം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങളും തമ്മില്‍ 1958ല്‍ പി.എ. പി കരാറിന് രൂപം നല്‍കിയെങ്കിലും ഒപ്പുവെച്ചത് 1970ലാണ്. 30 വര്‍ഷം കൂടുമ്പോള്‍ കരാര്‍ പുതുക്കാന്‍ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം 1988ല്‍ ആദ്യപുനരവലോകനം വേണ്ടിയിരുന്നു. ഇതിനായി അന്നുതന്നെ നടപടി തുടങ്ങിയെങ്കിലും കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ധാരണ രൂപപ്പെടുത്താനായിട്ടില്ല.
മന്ത്രിതല ചര്‍ച്ചയിലെ തീരുമാനപ്രകാരം കരാര്‍ പുനരവലോകനത്തിന് ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരടങ്ങുന്ന സാങ്കേതിക സമിതി രൂപവത്കരിക്കുകയും 2003 മേയില്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഇരു സംസ്ഥാനങ്ങളും അവരവരുടെ ആവശ്യങ്ങള്‍ കൈമാറി. ഇതിന്‍െറ വെളിച്ചത്തില്‍ 2009ല്‍ രണ്ട് തവണയായി അഡീ. ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറിതല ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതില്‍ കരാര്‍ പുനരവലോകനത്തിനായി പാക്കേജിന് രൂപം നല്‍കാനും തുടര്‍ന്ന് മന്ത്രിതല ചര്‍ച്ചക്ക് കളമൊരുക്കാമെന്നും തീരുമാനിച്ചെങ്കിലും പിന്നീട് ഇതുസംബന്ധിച്ച് ഒരുവിധത്തിലും നടപടികള്‍ മുന്നോട്ടു നീങ്ങിയില്ല.

പി.എ.പി കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയിലേക്ക് ഒരു ജലവര്‍ഷം നല്‍കുന്ന വെള്ളത്തിന്‍െറ അളവ് 7.25 ടി.എം.സിയില്‍നിന്ന് 10 ടി.എം.സിയായി ഉയര്‍ത്തണമെന്നാണ് കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യം.
പറമ്പിക്കുളം സിസ്റ്റം ഡാമുകളായ പറമ്പിക്കുളം, തൂണക്കടവ്, പരിവാരിപ്പള്ളം, ലോവര്‍ നീരാര്‍ എന്നിവയില്‍നിന്ന് സംസ്ഥാനത്തിന് അര്‍ഹമായ ജലം കിട്ടുന്നില്ളെന്ന പരാതി കേരളത്തിനുണ്ട്. കേരള ഷോളയാര്‍ ഡാം വര്‍ഷത്തില്‍ രണ്ട് തവണ തമിഴ്നാട് നിറച്ചു നല്‍കണമെന്ന കരാര്‍ വ്യവസ്ഥ പാലിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.

അതേസമയം, ഇടമലയാര്‍ അണക്കെട്ടിന്‍െറ പണി പൂര്‍ത്തിയാവുന്ന മുറക്ക് ആനമലയാറില്‍നിന്ന് വര്‍ഷത്തില്‍ 2.5 ടി.എം.സി വെള്ളം നല്‍കുന്ന കരാര്‍ വ്യവസ്ഥ ഡാം പണിതിട്ടും കേരളം പാലിക്കുന്നില്ളെന്ന പരാതി തമിഴ്നാടിനുമുണ്ട്. പി.എ.പി കരാര്‍ പുനരവലോകനവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മില്‍ മന്ത്രിതല ചര്‍ച്ചക്ക് വേദിയൊരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
അട്ടപ്പാടിവാലി പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാടിന്‍െറ ആശങ്ക പരിഹരിക്കാനും സര്‍ക്കാര്‍ ശ്രമം നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.