ചെങ്ങമനാട് (കൊച്ചി): തെരുവുനായ് വിമുക്ത ഗ്രാമപഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ ചെങ്ങമനാട് പഞ്ചായത്തില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 30ഓളം തെരുവുനായ്ക്കളെ തിങ്കളാഴ്ച കൊന്നു. ഗ്രാമപഞ്ചായത്തിലെ 18 അംഗങ്ങളുടെയും തെരുവുനായ് ഉന്മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലിയുടെയും നേതൃത്വത്തിലായിരുന്നു നായ് കൂട്ടക്കുരുതി. സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്ത നെടുമ്പാശ്ശേരി പൊലീസ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഐ.പി.സി 428, 429 പ്രകാരം മൃഗങ്ങളോടുള്ള ദ്രോഹവും ക്രൂരതയും അവസാനിപ്പിക്കാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്. പ്രസിഡന്‍റ് പി.ആര്‍. രാജേഷ്, വൈസ് പ്രസിഡന്‍റ് ആശ ഏല്യാസ്, അംഗങ്ങളായ കെ.എം. അബ്ദുല്‍ഖാദര്‍, പി.വി. സജീവ്കുമാര്‍, എം.ബി. രവി, ടി.കെ. സുധീര്‍, രമണി മോഹനന്‍, ടി.എം. അബ്ദുല്‍ഖാദര്‍, ജെര്‍ളി കപ്രശ്ശേരി, ദിലീപ് കപ്രശ്ശേരി, സുചിത്ര സാബു, മനോജ് പി. മൈലന്‍, ഗായത്രി വാസന്‍, ജയന്തി അനില്‍കുമാര്‍, സുമഷാജി, പി.എന്‍. സിന്ധു, ലത ഗംഗാധരന്‍, എം.എസ്. ലിമ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സംഘം ചേര്‍ന്ന് മൃഗങ്ങളെ കൊന്ന കുറ്റത്തിന് ഐ.പി.സി 149ാം വകുപ്പ് പ്രകാരമാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ആലുവ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. നായ്ക്കളെ കൊന്നതിന്‍െറ പേരില്‍ ജോസ് മാവേലിക്കെതിരെ ഇത് ആറാം തവണയാണ് കേസെടുക്കുന്നത്. ഞാറയ്ക്കല്‍, കുറുപ്പംപടി, പള്ളുരുത്തി, തേവര, പുത്തന്‍വേലിക്കര സ്റ്റേഷനുകളിലും ഇതേ കുറ്റത്തിന് ഇദ്ദേഹത്തിനെതിരെ കേസുണ്ട്.
കൊന്ന നായ്ക്കളെ ചെങ്ങമനാട് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.ജെറിന്‍ ഫ്രാന്‍സിസ്, എടക്കുന്ന് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.ജോമോന്‍ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി പഞ്ചായത്ത് ഓഫിസിന് സമീപം കുഴിച്ചുമൂടി. ആന്തരാവയവങ്ങളുടെ സാമ്പ്ള്‍ കാക്കനാട് ചീഫ് കെമിക്കല്‍ എക്സാമിനര്‍ക്ക് അയച്ചിട്ടുണ്ട്.
പഞ്ചായത്തില്‍നിന്ന് നായ്ക്കളെ ഉന്മൂലനം ചെയ്യുന്ന പദ്ധതി പ്രകാരം, കൊന്ന് കുഴിച്ചുമൂടുന്നതടക്കമുള്ള ചെലവ് തെരുവുനായ് ഉന്മൂലന സംഘമാണ് വഹിക്കുക. നായ്പിടിത്ത വിദഗ്ധനായ വരാപ്പുഴ സ്വദേശി രഞ്ജനാണ് നായ്ക്കളെ കണ്ടത്തെി കൊല്ലുന്നത്. നാല് മുതല്‍ ഒമ്പതുവരെ വാര്‍ഡുകളില്‍നിന്നാണ് തിങ്കളാഴ്ച നായ്ക്കളെ കൊന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഴുവന്‍ വാര്‍ഡുകളിലും ഇത് വ്യാപിപ്പിക്കും. ഓരോ വാര്‍ഡിലെയും നായ്ക്കളെ കണ്ടത്തൊന്‍ അതത് മെംബര്‍മാരെയാണ് പഞ്ചായത്ത് കമ്മിറ്റി ചുമതലപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കപ്രശ്ശേരിയില്‍ പേയിളകിയ നായ് മറ്റ് നായ്ക്കളെ കടിച്ചതോടെ കൂടുതല്‍ തെരുവുനായ്ക്കള്‍ക്ക് പേവിഷബാധ ഏല്‍ക്കാന്‍ സാധ്യത വര്‍ധിച്ചതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വളര്‍ത്തു മൃഗങ്ങളെ കൊല്ലുക, ഫാമുകളിലത്തെി കോഴികളെ കൂട്ടത്തോടെ കൊല്ലുക, ഇരുചക്രവാഹനങ്ങള്‍ക്ക് അപകടം സൃഷ്ടിക്കുക, കാല്‍നടയാത്രക്കാരെ ആക്രമിക്കുക തുടങ്ങി ശല്യം രൂക്ഷമായതോടെയാണ് തെരുവുനായ് ഉന്മൂലന പദ്ധതി ആവിഷ്കരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. രാജേഷ്, വൈസ് പ്രസിഡന്‍റ് ആശ ഏല്യാസ് എന്നിവര്‍ പറഞ്ഞു. എല്ലാ തെരുവുനായ്ക്കളെയും കൊന്നൊടുക്കുകയാണ് ഉന്മൂലന സംഘത്തിന്‍െറ ലക്ഷ്യമെന്ന് ചെയര്‍മാന്‍ ജോസ് മാവേലിയും പറഞ്ഞു. പഞ്ചായത്തിന്‍െറ പദ്ധതിക്ക് അന്‍വര്‍സാദത്ത് എം.എല്‍.എ പിന്തുണ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.