നടന്‍ ദിലീപിന്‍െറ ജീവകാരുണ്യ പദ്ധതിയുടെ പേരില്‍ വ്യാജപിരിവ് നടത്തിയയാള്‍ പിടിയില്‍

കുന്നിക്കോട് (പത്തനാപുരം): സിനിമാ നടന്‍ ദിലീപ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വീട് നിര്‍മിക്കുന്നതിന് രജിസ്ട്രേഷന്‍ നടത്താനെന്ന വ്യജേന വിവിധ ജില്ലകളില്‍ പണപ്പിരിവ് നടത്തിയിരുന്നയാള്‍ പിടിയിലായി. നിരവധി ആളുകളില്‍നിന്ന് ലക്ഷങ്ങള്‍ കബളിപ്പിച്ച തെന്മല ഇടമണ്‍ തേക്കിന്‍കൂപ്പിലെ പട്ടയകൂപ്പ് സയാദ് മന്‍സിലില്‍ വാടകക്ക് താമസിക്കുന്ന ആര്യങ്കാവ് അയ്യന്‍കോവില്‍ ഹരിജന്‍ കോളനി ബ്ളോക് നമ്പര്‍ 55 പാറയ്ക്കല്‍ വീട്ടില്‍ രാജീവ് ആണ്(49)  പിടിയിലായത്. ദീലിപിന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനമായ ‘സുരക്ഷിതഭവന്‍’ പദ്ധതിയുടെ പേരിലായിരുന്നു പണപ്പിരിവ്. പദ്ധതിയുടെ പരസ്യം ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നിരവധി പേരില്‍നിന്ന് രജിസ്ട്രേഷന്‍ നടപടികള്‍ക്കെന്ന വ്യാജേന 500 രൂപ വീതം വാങ്ങുകയായിരുന്നെന്ന് കുന്നിക്കോട് പൊലീസ് പറഞ്ഞു. പണം നല്‍കിയവരുടെ വിവരങ്ങള്‍ എഴുതിയ ഡയറി ഇയാളില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കുടുംബശ്രീ അടക്കമുള്ള സ്ത്രീ കൂട്ടായ്മകളും നിര്‍ധനരുമാണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഇളമ്പല്‍ കാവില്‍ പുത്തന്‍വീട്ടില്‍ പ്രസന്നയുടെ പക്കല്‍നിന്ന് പണം വാങ്ങിയിരുന്നു. സംശയം തോന്നിയ പ്രസന്നയുടെ മകള്‍ ഇതുമായി ബന്ധപ്പെട്ട് വന്ന പരസ്യത്തിലെ നമ്പറില്‍ പദ്ധതിയുടെ കോഓഡിനേറ്ററുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പ്രസന്ന പൊലീസിനെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് ദിലീപ് കൊട്ടാരക്കര റൂറല്‍ എസ്.പിക്ക് ഇ-മെയില്‍ വഴിയും പരാതി അയച്ചിരുന്നു. കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയും പൊലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കുന്നിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുളത്തൂപ്പുഴയില്‍നിന്നാണ് രാജീവിനെ അറസ്റ്റ് ചെയ്തത്. പണം നല്‍കാമെന്ന പേരില്‍ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കുളത്തൂപ്പുഴയില്‍ വിളിച്ച് വരുത്തുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂര്‍, തൊപ്പിച്ചന്ത, ആറ്റിങ്ങല്‍, നഗരൂര്‍ ഭാഗങ്ങളിലെ ഭവനരഹിതരായ പട്ടികജാതി വിഭാഗക്കാരാണ് തട്ടിപ്പിന് കൂടുതല്‍ ഇരയായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുപിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. ദിലീപുമായോ അദ്ദേഹത്തിന്‍െറ ഭവനപദ്ധതിയുമായോ ബന്ധമില്ലാത്ത ആളാണ് രാജീവെന്ന് പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.