കുന്നരു വാഹനാപകടം: ടിപ്പര്‍ ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി

പയ്യന്നൂര്‍: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കുന്നരു വാഹനാപകട കേസിൽ ടിപ്പര്‍ ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. രാമന്തളി സ്വദേശി പി.എം സന്തോഷിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 304 എ, 308 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

വൈദ്യപരിശോധനയിൽ സന്തോഷ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച അപകട സ്ഥലത്ത് നിന്ന് മുങ്ങിയ സന്തോഷിനെ രാത്രിയോടെ പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അപകടത്തില്‍ മരിച്ച അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് കുന്നരുവില്‍ എത്തിക്കും. കുന്നരുവിലെ വായനശാലയിലും അപകടത്തില്‍ മരിച്ച കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ടോടെ സംസ്കാര ചടങ്ങുകൾ നടക്കും.

വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ രാമന്തളി വടക്കുമ്പാട് തുരുത്തുമ്മല്‍ കോളനിയിലെ കാനാച്ചേരി ഗണേശന്‍ (38), ഭാര്യ സി. ലളിത (36), മകള്‍ ജിഷ്ണ (ഏഴ്), ഓട്ടോയിലുണ്ടായിരുന്ന രാമന്തളി വടക്കുമ്പാട്ടെ കെ.പി ഹൗസില്‍ വി.പി. ശ്രീജിത്തിന്‍െറ മകള്‍ ആരാധ്യ (മൂന്ന്), അപകട സമയത്ത് റോഡരികില്‍ മത്സ്യം വാങ്ങാനെത്തിയ കുന്നരു കാരന്താട്ടെ നടുവിലെപ്പുരയില്‍ ദേവകിയമ്മ (70) എന്നിവരാണ് മരിച്ചത്.  

മരിച്ച ആരാധ്യയുടെ മാതാപിതാക്കളും ഓട്ടോ യാത്രക്കാരുമായ ശ്രീജിത്ത് (32), ഭാര്യ ആശ (25), മരിച്ച ഗണേശന്‍െറ സഹോദരന്‍ കമലാക്ഷന്‍െറ മകള്‍ ആതിര (14), സമീപത്തുണ്ടായിരുന്ന ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ കക്കംപാറയിലെ ഇടവലത്ത് ഹൗസില്‍ അനില്‍ കുമാര്‍ (43) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.