കുന്നരു അപകടം: ലോറി ഡ്രൈവര്‍ മദ്യലഹരിയില്‍

പയ്യന്നൂര്‍: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കുന്നരു വാഹനാപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചതായി കണ്ടത്തെി. ലോറി ഓടിച്ചിരുന്ന ഓണപ്പറമ്പിലെ സന്തോഷിനെ രാത്രി എട്ടുമണിയോടെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് മദ്യപിച്ചതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ലോറി അമിതവേഗതയിലാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. ഓട്ടോയിലിടിക്കുന്നതിന് മുമ്പ് ഒരു കാറുമായി ഉരസിയതായും പറയുന്നു. നിയമം കാറ്റില്‍ പറത്തിയുള്ള ഡ്രൈവിങ് നിരപരാധികളായ അഞ്ച് മനുഷ്യജീവനാണ് നഷ്ടപ്പെടുത്തിയത്.
ഓണാഘോഷത്തിന്‍െറ ഭാഗമായി അയല്‍വാസികളായ കുടുംബങ്ങള്‍ ചൂട്ടാട് ബീച്ചിലേക്ക് നടത്തിയ ഉല്ലാസയാത്രയാണ് നാലുപേരുടെ അന്ത്യയാത്രയായത്.

ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ സഞ്ചരിച്ച മറ്റൊരു ഓട്ടോ മുന്നില്‍ കടന്നു പോയിരുന്നു. പിറകിലുള്ളവര്‍ എത്താത്തതിനാല്‍, കാത്തിരുന്നവരുടെ മുന്നിലേക്ക് ദുരന്തവാര്‍ത്തയാണ് എത്തിയത്. വടക്കുമ്പാട് രാത്രി വൈകുന്നതു വരെ അപകടവിവരം അറിയിച്ചിരുന്നില്ല. പരിക്കേറ്റ് ചികിത്സയിലുള്ളവരും ഉറ്റവരുടെ വേര്‍പാട് അറിഞ്ഞിട്ടില്ല. ആദ്യം മൂന്നു വയസ്സുകാരി ആരാധ്യയുടെ മരണം മാത്രമാണ് പുറത്തറിഞ്ഞത്. തുടര്‍ന്ന് നാലുപേര്‍ കൂടി മരിച്ചുവെന്ന വാര്‍ത്ത ഗ്രാമത്തിന് വിശ്വസിക്കാനായില്ല. വീടിനടുത്ത് റോഡില്‍ മത്സ്യം വാങ്ങാനത്തെിയതായിരുന്നു കാരന്താട്ടെ ദേവകി അമ്മ. നാലു പേരെ കൊലപ്പെടുത്തി ടിപ്പര്‍ ഈ വയോധികയുടെ കൂടി ജീവന്‍ കവര്‍ന്നു. ആദ്യം കാലില്‍ പരിക്കേറ്റ വാര്‍ത്തയാണ് പരന്നത്. എന്നാല്‍, പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിയ ഉടന്‍ മരിക്കുകയായിരുന്നു. അഞ്ച് മൃതദേഹങ്ങളും ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം രാമന്തളിയിലേക്ക് കൊണ്ടുപോകും.

മാതാപിതാക്കളും കൂടപ്പിറപ്പും പോയി, ജിഷ്ണു ഇനി തനിച്ച്...
പയ്യന്നൂര്‍: ചിരിച്ചുല്ലസിച്ച് അമ്മയുടെയും അച്ഛന്‍െറയും കൂടപ്പിറപ്പിന്‍െറയും കൂടെ കടല്‍ കാണാനുള്ള യാത്ര ജിഷ്ണുവിന്‍െറ ജീവിതത്തില്‍ കരിനിഴലായി. അച്ഛനുമമ്മയും സഹോദരിയുമില്ലാത്ത വീട്ടില്‍ ഈ കുരുന്ന് ഇനി തനിച്ചാണ്. രാത്രി വൈകുന്നതുവരെയും ദുരന്തതീവ്രത നാട്ടില്‍ അറിഞ്ഞിരുന്നില്ല. അപകടം സംഭവിച്ചുവെന്ന് മാത്രമാണ് ബന്ധുക്കള്‍ അറിഞ്ഞത്.

മരിച്ച ഗണേശന്‍െറ മാതാവ് ലക്ഷ്മി രോഗശയ്യയിലാണ്. വടക്കുമ്പാട് സ്റ്റോപ്പില്‍ ഓട്ടോ ഓടിച്ചുകിട്ടുന്നതും ഭാര്യ ലളിത കൂലിപ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛവരുമാനവുമാണ് കുടുംബത്തിന്‍െറ ആശ്രയം. ജിഷ്ണുവിന്‍െറ മുന്നില്‍ ജീവിതം ഇനി ചോദ്യചിഹ്നമാണ്. മാതാപിതാക്കളുടെയും അനുജത്തിയുടെയും വേര്‍പാടുതീര്‍ത്ത മുറിവുണങ്ങാന്‍ ഏറക്കാലം കാത്തുനില്‍ക്കേണ്ടിവരും. തൊട്ടടുത്ത ശ്രീജിത്തിനും ആശക്കും നഷ്ടമായത് ഏക മകളെയാണ്. ഇതും വടക്കുമ്പാടിന് താങ്ങാനാവാത്ത ആഘാതമായി.കുന്നരു കാരന്താട്ടെ ദേവകിയമ്മയുടെ മരണവും കുടുംബത്തിന് ഉള്‍ക്കൊള്ളാനായില്ല. പതിവുപോലെ വീടിനടുത്ത റോഡില്‍ മത്സ്യം വാങ്ങാനുള്ള യാത്രയാണ് അന്ത്യയാത്രയായത്. ഓട്ടോയെ വലിച്ചിഴച്ചാണ് ലോറി മത്സ്യവണ്ടിക്കിടിച്ച് ദേവകിയെ ഇടിച്ചിട്ടത്.അപകടവിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.വി. ഗോവിന്ദന്‍, പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, ഉപാധ്യക്ഷ കെ.പി. ജ്യോതി, സി.പി.എം നേതാക്കളായ ടി.ഐ. മധുസൂദനന്‍, പി.പി. ദാമോദരന്‍, പി. സന്തോഷ്, കെ.കെ. ഗംഗാധരന്‍, ഒ.കെ. ശശി, കെ. വിജീഷ് തുടങ്ങി നൂറുകണക്കിനാളുകള്‍ പരിയാരത്തത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.