കൊച്ചി: തിരുവോണനാളില്‍ ഏഴുപേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് റോഡ് അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച മണ്ണാറശാല സ്വദേശി വിഷ്ണു യാത്രയായി. ഈമാസം 11ന് ഹരിപ്പാടിന് സമീപം ഠാനാപ്പടിയില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ ജി. കൃഷ്ണന്‍ എന്ന വിഷ്ണു ജി. കൃഷ്ണന്‍െറ (25) അവയവങ്ങളാണ് ഏഴുപേര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരവ് നല്‍കിയത്.
വിഷ്ണു ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്ന അപകടം. ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ആദ്യം ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനത്തെുടര്‍ന്ന് കൊച്ചിയിലെ വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിഷ്ണുവിന് മസ്തിഷ്ക മരണം സംഭവിച്ചതായി പിറ്റേദിവസംതന്നെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
54 വയസ്സായ അമ്മ ഓമനയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്നു വെല്‍ഡിങ് തൊഴിലാളിയായിരുന്ന വിഷ്ണു. ചെറുപ്രായത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിഷ്ണുവിന്‍െറ അവയവങ്ങള്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് പുതുജീവനേകുമെന്ന് കണ്ടാണ് സഹോദരി വീണയും ഭര്‍ത്താവ് ശ്യാംമോഹനും അവയവദാനത്തിന് തയാറായതെന്ന് വിഷ്ണുവിന്‍െറ ബന്ധു സത്യജിത് പറഞ്ഞു.
വിഷ്ണുവിന്‍െറ വൃക്കകള്‍, ചെറുകുടല്‍, കരള്‍, ഹൃദയം, കോര്‍ണിയകള്‍ എന്നിവയാണ് ദാനം ചെയ്തത്. ലേക് ഷോറില്‍തന്നെ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശി രതീഷ് കുമാറിനാണ് ഇടത്തെ വൃക്ക നല്‍കിയത്. വലത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പവനനും ചെറുകുടല്‍ അമൃത ആശുപത്രിയിലുള്ള പള്ളുരുത്തി സ്വദേശി അനൂബ് ആന്‍റണിക്കും കരള്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലുള്ള കോട്ടയം സ്വദേശി ജോജോ ജേക്കബിനും ഹൃദയം ലിസി ആശുപത്രിയിലുള്ള സിസ്റ്റര്‍ ജോളി ജോര്‍ജിനുമാണ് നല്‍കിയത്.
രണ്ട് കോര്‍ണിയകള്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിലേക്കും സംഭാവന ചെയ്തു. മൃതസഞ്ജീവനി എന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ഓണ്‍ലൈന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കാണ് വിഷ്ണുവിന്‍െറ അവയവങ്ങള്‍ ദാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.