നീതിപീഠം കൂടി കൈവിട്ടാല്‍ പെണ്ണ് എവിടെ പോകും –എം. മുകുന്ദന്‍

തലശ്ശേരി: ഗോവിന്ദച്ചാമിമാര്‍ പെരുകുന്ന നാട്ടില്‍ നീതിപീഠം കൂടി കൈവിട്ടാല്‍  പെണ്ണ് എവിടെ പോകുമെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. നിസ്സഹായരായ പെണ്ണുങ്ങളെല്ലാം നീതിപീഠത്തിലേക്കാണ് ഇതുവരെ നോക്കിയിരുന്നത്. ആ പ്രതീക്ഷയാണ് കരിഞ്ഞുപോവുന്നത്. ബ്രണ്ണന്‍ കോളജിലെ ആതിര ഫേസ്ബുക്കില്‍ കുറിച്ചത് ഇടവഴികളിലെ ഗോവിന്ദച്ചാമിമാരെ ഓര്‍ത്ത് ഭയമാകുന്നുവെന്നാണ്. ആസാദ് ലൈബ്രറി 115ാം വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം. മുകുന്ദന്‍. എല്ലാ പെണ്ണുങ്ങളെയും പെങ്ങളായും മകളായും കാണാന്‍ സമൂഹത്തിന് സാധിച്ചാലേ അവരുടെ ഭയപ്പാട് മാറ്റാനാവൂ. ഏതൊരു പെണ്‍കുട്ടിക്കും ഭയമില്ലാതെ ഒറ്റക്ക് നടന്നുപോവാന്‍ കഴിയണം.

 ദാരിദ്ര്യമുണ്ടായിരുന്ന, വെളിച്ചമില്ലാത്ത കാലത്ത് ഇടവഴികളിലൂടെ പെണ്ണുങ്ങള്‍ നടന്നുപോയിട്ടുണ്ട്. പട്ടിണിമാറി, വെളിച്ചം വന്ന്, റോഡുകള്‍ വലുതായപ്പോഴാണ് നിര്‍ഭയം നടന്നുപോവാന്‍ സാധിക്കാതെ വന്നത്. ഈ അവസ്ഥ മാറണം. വിപത്തുകള്‍ക്കെതിരെ എഴുത്തുകാരന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ വായനക്കാരും ഒപ്പമുണ്ടാവണം. സമൂഹത്തില്‍ കാലുഷ്യം വര്‍ധിക്കുമ്പോള്‍ ശുദ്ധീകരണ പ്രക്രിയയില്‍ എഴുത്തുകാര്‍ പങ്കാളിയാവണമെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.