പയ്യന്നൂരിൽ ടിപ്പർ ഒാട്ടോയിലിടിച്ച് അഞ്ച് മരണം

പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട് ജങ്ഷനു സമീപം അമിതവേഗതയിലത്തെിയ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരും വഴിയാത്രക്കാരിയായ വയോധികയും മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം.

ഓട്ടോ ഡ്രൈവര്‍ രാമന്തളി വടക്കുമ്പാട് തുരുത്തുമ്മല്‍ കോളനിയിലെ കാനാച്ചേരി ഗണേശന്‍ (38), ഭാര്യ സി. ലളിത (36), മകള്‍ ജിഷ്ണ (ഏഴ്), ഓട്ടോയിലുണ്ടായിരുന്ന രാമന്തളി വടക്കുമ്പാട്ടെ കെ.പി ഹൗസില്‍ വി.പി. ശ്രീജിത്തിന്‍െറ മകള്‍ ആരാധ്യ (മൂന്ന്), അപകട സമയത്ത് റോഡരികില്‍ മത്സ്യം വാങ്ങാനത്തെിയ കുന്നരു കാരന്താട്ടെ നടുവിലെപ്പുരയില്‍ ദേവകിയമ്മ (70) എന്നിവരാണ് മരിച്ചത്.  മരിച്ച ആരാധ്യയുടെ മാതാപിതാക്കളും ഓട്ടോ യാത്രക്കാരുമായ ശ്രീജിത്ത് (32), ഭാര്യ ആശ (25), മരിച്ച ഗണേശന്‍െറ സഹോദരന്‍ കമലാക്ഷന്‍െറ മകള്‍ ആതിര (14), സമീപത്തുണ്ടായിരുന്ന ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ കക്കംപാറയിലെ ഇടവലത്ത് ഹൗസില്‍ അനില്‍ കുമാര്‍ (43) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍വാസികളും ബന്ധുക്കളുമടങ്ങുന്ന സംഘം ഗണേശന്‍െറ ഓട്ടോയില്‍ പുതിയങ്ങാടി ചൂട്ടാട് ബീച്ചിലേക്ക് പോവുകയായിരുന്നു. കാരന്താട് ജങ്ഷന്‍ കഴിഞ്ഞ ഉടന്‍ എതിരെ വന്ന ടിപ്പര്‍ ലോറി ഓട്ടോയിലിടിക്കുകയായിരുന്നു. ഓട്ടോയിലിടിച്ച ശേഷം റോഡരികില്‍ നിര്‍ത്തിയിട്ട മത്സ്യം കയറ്റിയ ഗുഡ്സ് ഓട്ടോയിലിടിച്ചാണ് ടിപ്പര്‍ നിന്നത്. ഈ സമയത്താണ് മത്സ്യം വാങ്ങാനത്തെിയ ദേവകിയമ്മയെ ഇടിച്ചിട്ടത്. ഗുഡ്സ് ഓട്ടോയുടെ പിറകില്‍ ഇടിച്ചതാണ് ഡ്രൈവര്‍ അനില്‍ കുമാറിന് പരിക്കേല്‍ക്കാന്‍ കാരണമായത്.  ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോ തല്ലിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ആദ്യം പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും അഞ്ചുപേരെ രക്ഷിക്കാനായില്ല. ആറു മണിയോടെയാണ് നാലുപേര്‍ മരിച്ചത്. ജിഷ്ണ രാത്രി എട്ടുമണിയോടെയും മരിച്ചു.

വടക്കുമ്പാട്ടെ ദാമോദരന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ് ഗണേശന്‍. ജിഷ്ണക്കു പുറമെ ജിഷ്ണു എന്ന മകന്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്. കമലാക്ഷന്‍, തങ്കമ്മ, ദിനേശന്‍ എന്നിവരാണ് ഗണേശന്‍െറ സഹോദരങ്ങള്‍. രാഘവന്‍-പാറു ദമ്പതികളാണ് ലളിതയുടെ മാതാപിതാക്കള്‍.
സഹോദരങ്ങള്‍: അമ്മിണി, ബാബു, മാധവി, കുമാരി, സരോജിനി, സുമതി, പരേതരായ ജനാര്‍ദനന്‍, ഗോപി, രമേശന്‍. പരേതനായ കുഞ്ഞമ്പുവിന്‍െറ ഭാര്യയാണ് ദേവകിയമ്മ. മക്കള്‍: കാര്‍ത്യായനി, വിലാസിനി (ഡല്‍ഹി), ദിനേശന്‍. മരുമക്കള്‍: കുഞ്ഞപ്പന്‍, പ്രജിന. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.