മുത്തൂറ്റ് റെയ്ഡ്: അന്വേഷിക്കുന്നത് 840 കോടിയുടെ ക്രമക്കേട്

കൊച്ചി: മുത്തൂറ്റ് ഗ്രൂപ് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിനെയും അനുബന്ധമായി നടത്തിയ പരിശോധനയെയും അടിസ്ഥാനമാക്കി ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത് 840 കോടി രൂപയുടെ ക്രമക്കേട്. മുത്തൂറ്റ് സ്ഥാപന ഉടമകളെ ചോദ്യം ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയത്. അന്വേഷണം പുരോഗമിക്കുമ്പോള്‍ തുക ഉയര്‍ന്നേക്കാമെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ സൂചന നല്‍കി.  മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്, മിനി മുത്തൂറ്റ് എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാരെ ചോദ്യം ചെയ്തിരുന്നു. ഒരുമാസത്തിനകം ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ക്രമക്കേടിന്‍െറ പകുതിയിലധികവും പണയസ്വര്‍ണം ലേലത്തിലാണ്. ലേലം ചെയ്യുന്ന സ്വര്‍ണത്തിന്‍െറ അളവിലും തൂക്കത്തിലും കൃത്രിമം കാട്ടി നികുതിയില്‍ വെട്ടിപ്പ് നടത്തിയെന്നാണ് വിജിലന്‍സ് നിഗമനം. ലാഭം കുറച്ചു കാണിക്കല്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ തുടങ്ങിയവയിലും വന്‍ നികുതി വെട്ടിപ്പ് നടന്നതായാണ് കണ്ടത്തെിയത്. ആദ്യഘട്ട അന്വേഷണം കഴിഞ്ഞ ശേഷമേ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് നടപടികളിലേക്ക് കടക്കൂ. വിദേശ രാജ്യങ്ങളില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.