വിലയിടിവിനു പിന്നാലെ റബര്‍ ഉല്‍പാദനത്തിലും വന്‍ കുറവ്

കോട്ടയം: വിലയിടിവിനു പിന്നാലെ രാജ്യത്തെ റബര്‍ ഉല്‍പാദനത്തില്‍ വന്‍ ഇടിവ്. ഇന്ത്യയില്‍ ടാപ് ചെയ്യുന്ന റബര്‍ തോട്ടത്തിന്‍െറ അളവ് 5.81 ലക്ഷം ഹെക്ടറാണെങ്കിലും 40 ശതമാനത്തോളം തോട്ടങ്ങളില്‍ ഉല്‍പാദനം ഭാഗികമാണെന്ന് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. കേരളത്തില്‍ സ്ഥിതി ഇതിലും ദയനീയമാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ടാപ് ചെയ്യുന്ന തോട്ടങ്ങള്‍ 4.30 ലക്ഷം ഹെക്ടറാണെങ്കിലും 30 ശതമാനത്തിലും ഉല്‍പാദനം നടക്കുന്നില്ളെന്ന് റബര്‍ ബോര്‍ഡിന്‍െറ കണക്കുകള്‍ പറയുന്നു.

വിലയിടിവും ടാപ്പിങ് ഉപേക്ഷിക്കലും തൊളിലാളികളുടെ കുറവും മൂലം കേരളത്തിലും റബര്‍ ഉല്‍പാദനം ഗണ്യമായി കുറയുകയാണെന്ന സൂചനയാണ് റബര്‍ ബോര്‍ഡ് നല്‍കുന്നത്. കാലാവസ്ഥാ വ്യതിയാനം, തൊഴിലാളി ക്ഷാമം, കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകരുടെ വര്‍ധന, ആവര്‍ത്തന-പുതു കൃഷികളുടെ കുറവ് ഇതെല്ലാം റബര്‍ ഉല്‍പാദനം കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് റബര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വിലയിടിവാണ് ഉല്‍പാദനം കുറയാന്‍ പ്രധാന കാരണമെന്ന് കര്‍ഷകരും സംഘടനകളും പറയുന്നു. ഇന്നത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ അഞ്ചു വര്‍ഷംകൊണ്ട് രാജ്യത്തെ റബര്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും കേരളത്തില്‍ മാത്രം ഉല്‍പാദനത്തില്‍ 50 ശതമാനംവരെ ഇടിവുണ്ടാകുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ടാപ്പിങ് വര്‍ധിപ്പിക്കാനും ഉല്‍പാദനം ഉയര്‍ത്താനും റബര്‍ ബോര്‍ഡ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും കര്‍ഷകര്‍ സഹകരിക്കുന്നില്ളെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ 2015-16ല്‍ റബര്‍ കൃഷിയുടെ വിസ്തൃതി 8.11ലക്ഷം ഹെക്ടറും ഉല്‍പാദനം 5.62 ലക്ഷം ടണ്ണും ആയിരുന്നു. നിലവില്‍ 3.91ലക്ഷം ഹെക്ടറില്‍ മാത്രമാണ് ഉല്‍പാദനം നടക്കുന്നതെന്നാണ് റബര്‍ ബോര്‍ഡിന്‍െറ കണക്ക്. ഓരോവര്‍ഷവും ഉല്‍പാദനം ഗണ്യമായി കുറയുന്നു. 2014-15ല്‍ 4.47 ലക്ഷം ഹെക്ടറില്‍നിന്ന് 6.45 ലക്ഷം ടണ്‍ റബറാണ് ഉല്‍പാദിപ്പിച്ചത്. ഇക്കൊല്ലം ഉല്‍പാദന ക്ഷമത 1437 കിലോഗ്രാമാണ്. പോയവര്‍ഷം ഇത് 1443 കിലോഗ്രാമായിരുന്നു. ഉല്‍പാദന ക്ഷമതയിലെ കുറവും റബര്‍ ബോര്‍ഡ് ഗൗരവമായാണ് കാണുന്നത്. വര്‍ഷന്തോറും ഉല്‍പാദനക്ഷമതയില്‍ ഗണ്യമായ കുറവാണുണ്ടാകുന്നത്. എന്നാല്‍, വിലവര്‍ധനയില്ലാതെ റബര്‍ കൃഷി വേണ്ടെന്നാണ് കര്‍ഷക തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാ പദ്ധതി പാളിയതും അനുദിനം വിലയിടിയുന്നതും വരവും ചെലവും പൊരുത്തപ്പെടുത്തുന്നില്ളെന്നതും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. റബര്‍ ബോര്‍ഡിന്‍െറ കര്‍ഷക വിരുദ്ധ നടപടിയും കേന്ദ്രസര്‍ക്കാറിന്‍െറ നിലപാടുകളും തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തോടെ റബര്‍ ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.

ഒരു മാസത്തിനിടെ റബര്‍ വിലയില്‍ കിലോക്ക് 26 രൂപയുടെ കുറവാണുണ്ടായത്. വില ഇപ്പോള്‍ 122 രൂപയിലത്തെി. മൂന്നു മാസമായി വിലസ്ഥിരതാ ഫണ്ടില്‍നിന്നുള്ള സഹായവും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കര്‍ഷക പ്രശ്നങ്ങള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ടാപ്പിങ് ഉപേക്ഷിച്ച തോട്ടങ്ങളില്‍ ഉല്‍പാദനം പുനരാരംഭിക്കാന്‍ റബര്‍ ബോര്‍ഡ് വിവിധ കമ്പനികളുടെയും റബര്‍ ഉല്‍പാദക സംഘങ്ങളുടെയും നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടു. വില ഇനിയും കുറയുമെന്ന സൂചനയാണ് വ്യാപാരികള്‍ നല്‍കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.