കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക നല്‍കും; അങ്കണവാടി പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ വീതം

തിരുവനന്തപുരം: 3.56 ലക്ഷം പേര്‍ക്ക് കര്‍ഷകപെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 156 കോടി അനുവദിച്ചു. നിലവിലെ പട്ടികയിലുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കും. മൂന്ന് മാസത്തെ കുടിശ്ശികയാണ് നല്‍കുന്നത്. മറ്റ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് കര്‍ഷകപെന്‍ഷനും കിട്ടുന്നെന്നും ഇത് ഇരട്ടിപ്പാണെന്നും ധനവകുപ്പ് കണ്ടത്തെിയിരുന്നു. ഇതില്‍ തിരുത്തല്‍ നീണ്ടതിനാല്‍ വിതരണവും നീണ്ടു.

ഓണത്തിനുമുമ്പ് പഴയ പട്ടിക പ്രകാരം പെന്‍ഷന്‍ നല്‍കും. അതേസമയം, പട്ടിക കുറ്റമറ്റതാക്കുമെന്നും അതിന് ആവശ്യമായ നടപടി ഉണ്ടാകുമെന്നും മന്ത്രി സുനില്‍കുമാര്‍ അറിയിച്ചു. ആരോഗ്യവകുപ്പില്‍ 31.05.2016ന് വിരമിക്കേണ്ടിയിരുന്ന ഡോക്ടര്‍മാരുടെ സേവനകാലം ആറുമാസംകൂടി ദീര്‍ഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു. വിരമിക്കല്‍ തീയതിക്കുശേഷം കാലയളവ് സേവനാനുകൂല്യങ്ങള്‍ക്ക് കണക്കാക്കില്ല. 2016 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ വിരമിക്കേണ്ട ഡോക്ടര്‍മാരുടെ സേവനകാലാവധി 2016 നവംബര്‍ 30 വരെ നീട്ടി.

പെന്‍ഷന്‍കാരായ അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അംഗീകരിച്ചു. 01.08.2012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പരിഷ്കരണം. 2012-13 അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിച്ച 12 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധിക ബാച്ചുകളിലേക്ക് തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. 56 എച്ച്.എസ്.എസ്.ടി. തസ്തികകളും രണ്ട് ലാബ് അസിസ്റ്റന്‍റ് തസ്തികകളുമാണ് പുതുതായി സൃഷ്ടിക്കുന്നത്.
മുന്‍സിഫ് മജിസ്ട്രേറ്റുമാരായി എന്‍.എ. സിര്‍ഷ, അനിഷ എസ്. പണിക്കര്‍, കെ.കെ. നിമ്മി, എം.കെ. ബല്‍റാം, ഇന്ദു പി. രാജ് എന്നിവരെ നിയമിക്കാനും  തീരുമാനിച്ചു.

ലൈറ്റ് മെട്രോ: ഡി.എം.ആര്‍.സിക്ക് കണ്‍സല്‍ട്ടന്‍സി
തിരുവനന്തപുരം: കോഴിക്കോട് -തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാഥമിക ജോലികള്‍ക്കുള്ള കണ്‍സല്‍ട്ടന്‍റായി ഡി.എം.ആര്‍.സിയെ (ഡല്‍ഹി മെട്രോറെയില്‍ കോര്‍പറേഷന്‍) ഏല്‍പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിബന്ധനകള്‍ക്ക് വിധേയമായാണ് തീരുമാനം. കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി ലഭിച്ചശേഷം മുഴുവന്‍ പ്രോജക്ടുകളുടെയും കണ്‍സല്‍ട്ടന്‍റായി ഡി.എം.ആര്‍.സിയെ നിയമിക്കും. പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഡെപ്യൂട്ടി കലക്ടറെ/സബ് ഡിവിഷനല്‍ ഓഫിസറെ (റവന്യൂ) ചുമതലപ്പെടുത്തി.  ആവശ്യമായ മറ്റു ജീവനക്കാരെ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

തിരുവനന്തപുരം ലൈറ്റ് മെട്രോക്ക് ഏകദേശം 1.9893 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് മെട്രോക്ക് ഏകദേശം 1.4474 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കണം. തിരുവനന്തപുരം മെട്രോക്ക് മേല്‍പാലം നിര്‍മിക്കാന്‍ 2.77 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. ശ്രീകാര്യം, പട്ടം, ഉള്ളൂര്‍ മേല്‍പാല നിര്‍മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 272.84 കോടി രൂപയുടെ ഭരണാനുമതി നല്‍കും. ഇതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പണം നല്‍കും. നിര്‍ദിഷ്ട ഏജന്‍സിയായ കെ.ആര്‍.ടി.എല്‍-ന്‍െറ ഫണ്ട് ഉപയോഗിച്ച് ഡി.എം.ആര്‍.സി. മുഖേന  ടേണ്‍കീ പദ്ധതിയായി നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു. നരത്തേ ജെയ്ക (ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സി) അടക്കമുള്ള വിദേശ ബാങ്കുകളുടെ സാമ്പത്തിക സഹായം തേടാന്‍ തീരുമാനിച്ചിരുന്നെങ്കിലും കിഫ്ബിതന്നെ ഏറ്റെടുക്കാമെന്നു ധനമന്ത്രി തോമസ് ഐസക് മന്ത്രിസഭയെ അറിയിക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.