????????? ?????????????? (????? ??????)

ആനപ്പന്തിക്ക് കറുത്തദിനം; അമ്മുവിന് ബൊമ്മനെ നഷ്ടമായി

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ആനപ്പന്തിക്കും പന്തിയിലെ ആനക്കുട്ടിയായ അമ്മുവിനും കണ്ണീരിന്‍െറ ദിവസമായിരുന്നു ഞായറാഴ്ച. ഒഴുക്കില്‍പ്പെട്ട് ഉറ്റവരെ നഷ്ടപ്പെട്ട അമ്മുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ദീര്‍ഘകാലമായി മുത്തങ്ങ ആനപ്പന്തിയുടെ മുതല്‍ക്കൂട്ടായ ബൊമ്മനെന്ന ആനപ്പാപ്പാനായിരുന്നു. ഞായറാഴ്ച അമ്മുവിനെയും പന്തിയേയും വിട്ട് ബൊമ്മന്‍ യാത്രയായി. രാവിലെ എട്ടരയോടെ രക്തസമ്മര്‍ദം കുറഞ്ഞതിനത്തെുടര്‍ന്ന് ബൊമ്മനെ നിരപ്പം ആശുപത്രിയിലും തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആനപ്പന്തിയില്‍ അമ്മു എത്തിയപ്പോള്‍ പരിചരിക്കുന്നതിന് വനം വകുപ്പ് നിയോഗിച്ചത് ബൊമ്മനെയാണ്. ആനക്കുട്ടിയെ വളര്‍ത്തി വലുതാക്കുമ്പോള്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോകരുതെന്ന ഒറ്റ നിബന്ധനയാണ് ഇദ്ദേഹം മുന്നോട്ടുവെച്ചത്. ഒടുവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്കുമാര്‍ അത് അംഗീകരിച്ചു. പക്ഷേ, വളരുന്നതിന് മുമ്പേ ബൊമ്മന്‍ അമ്മുവിനെ തനിച്ചാക്കി പോയി. 85 വയസ്സുള്ള ബൊമ്മന്‍ 16ാം വയസ്സിലാണ് മുത്തങ്ങ ആനപ്പന്തിക്കോളനിയിലത്തെിയത്.

അന്നുമുതല്‍ ഇങ്ങോട്ട് പതിനഞ്ചോളം ആനകളെ നോക്കി വളര്‍ത്തി. ഒടുവില്‍ വളര്‍ത്തിയ സുന്ദരി എന്ന ആനക്കുട്ടിയെ കോട്ടൂരേക്ക് കൊണ്ടുപോയി. ഇങ്ങനെ വളര്‍ത്തിവലുതാക്കുന്ന ആനകളെയെല്ലാം മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണ് പുതുതായി എത്തുന്ന ആനക്കുട്ടികളെ നോക്കാന്‍ ബൊമ്മന്‍ വിസമ്മതിച്ചത്. വനംവകുപ്പ് അധികൃതരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ബൊമ്മന്‍ വീണ്ടും ആനക്കുട്ടിയെ നോക്കാന്‍ തയാറായത്.

2015 ജൂണ്‍ 27നാണ് കണ്ണൂര്‍ ഉളിക്കലില്‍ മലവെള്ളപ്പാച്ചിലില്‍ അമ്മു ഒഴുകിയത്തെിയത്. അവശനിലയിലായിരുന്ന ആനക്കുട്ടിയുടെ കായികക്ഷമത വീണ്ടെടുത്തത് ബൊമ്മന്‍െറ പരിചരണത്തിലൂടെയായിരുന്നു. തൊട്ടടുത്ത് വീടുണ്ടായിരുന്നെങ്കിലും ബൊമ്മന്‍ വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ. പോകുമ്പോള്‍ അമ്മുവിനേയും കൂടെ കൂട്ടും. ബൊമ്മന്‍െറ ഭാര്യയുടെ പേരാണ് ആനക്കുട്ടിക്ക് നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.