രാജ്യത്തെ മോശം ഡ്രൈവര്‍മാരുള്ള ഒന്നാമത്തെ പട്ടണം തിരുവനന്തപുരം

തൃശൂര്‍: മോശം ഡ്രൈവര്‍മാരുള്ള രാജ്യത്തെ ഒന്നാമത്തെ പട്ടണമായി തിരുവനന്തപുരം.  രണ്ടാം സ്ഥാനത്ത്  കൊച്ചിയും മൂന്നാം സ്ഥാനത്ത് തൃശൂരുമാണെന്ന് കണക്കുകള്‍. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതുമായി ബന്ധപ്പെട്ട കേസുകളെ അടിസ്ഥാനമാക്കി നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ മൂന്ന് നഗരങ്ങളുടെ  ഡ്രൈവിങ്ങിലെ സാംസ്കാരികരാഹിത്യം വെളിപ്പെട്ടത്. റോഡില്‍ അമാന്യമായും അരിശത്തോടെയും വണ്ടിയോടിക്കുകയും മറ്റു ഡ്രൈവര്‍മാരെ അവഗണിക്കുകയും ചെയ്യുന്ന പട്ടണങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്  സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍. ആദ്യ മൂന്നു സ്ഥാനത്തും കേരളമാണെന്ന പ്രത്യേകതയുമുണ്ട്.

കേരളത്തിലെ ഡ്രൈവര്‍മാര്‍ ഗതാഗത നിയമം പാലിക്കുന്നതില്‍ പിറകിലാണെന്ന് മാത്രമല്ല, വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദപോലും കാണിക്കാത്തവരാണെന്നും  ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബിലെ ലുധിയാനയാണ് നല്ല ഡ്രൈവര്‍മാരുള്ള പട്ടണം. 2015ല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. തിരുവനന്തപുരത്ത് മോശം ഡ്രൈവിങ്ങിന് 12,440 കേസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തു. കൊച്ചിയില്‍ 10,502ഉം തൃശൂരില്‍ 8,068ഉം കേസാണുള്ളത്. കോഴിക്കോടും പിന്നിലല്ല; 6,661 കേസുണ്ട്. പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് കോഴിക്കോടിന്.  ഡല്‍ഹിയാണ് നാലാംസ്ഥാനത്ത് -7,411 കേസ്.

രാജ്യത്തെ 53 പട്ടണങ്ങളാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ പരിഗണിച്ചത്. ഇന്ത്യയിലെ ആകെ വാഹനങ്ങളില്‍ 10 ശതമാനം മാത്രമുള്ള കേരളം ഗതാഗത നിയമ ലംഘനത്തില്‍ മുന്നിലത്തൊന്‍ ഒരു കാരണം റോഡുകളുടെ അപാകതയാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതും കേസിന്‍െറ ബാഹുല്യത്തിന് കാരണമാണെന്ന സമാശ്വാസവും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം, കൊച്ചി പട്ടണങ്ങളിലെ റോഡുകള്‍ വീതി കുറഞ്ഞതും വാഹനസാന്ദ്രത കൂടിയതുമാണ്. കേരളത്തിലെ ഡ്രൈവര്‍മാര്‍ക്ക് ക്ഷമ കുറവാണ്. വേഗമത്തൊന്‍ എല്ലാവരും ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന മത്സരപ്പാച്ചിലാണ് മുഖ്യമായും റോഡില്‍ അനാരോഗ്യകരമായ പ്രവണതക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.