മെറിറ്റ്, മാനേജ്മെന്‍റ് സീറ്റിലേക്കുള്ള പ്രവേശ നടപടി തുടങ്ങി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്‍റുകളും ധാരണയിലത്തെിയതോടെ മെറിറ്റ്, മാനേജ്മെന്‍റ് സീറ്റുകളിലേക്കുള്ള പ്രവേശ നടപടികള്‍ ആരംഭിച്ചു. 50 ശതമാനം മെറിറ്റ് സീറ്റില്‍  സംസ്ഥാന പ്രവേശ പരീക്ഷാ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ പ്രവേശ പരീക്ഷാ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തും. ഇതിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ ഉറപ്പുവരുത്തല്‍, പ്രവേശം നേടേണ്ട തീയതി ഉള്‍പ്പെടെ സമയക്രമം പരീക്ഷാ കമീഷണര്‍ പ്രസിദ്ധീകരിച്ചു. അതേസമയം, മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലെ പ്രവേശ നടപടികളുടെ ഷെഡ്യൂള്‍ ഭേദഗതികളോടെ ജസ്റ്റിസ് ജയിംസ് കമ്മിറ്റി അംഗീകരിച്ചു. കോളജുകള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ച പ്രോസ്പെക്ടസിലെ സമയക്രമത്തില്‍ ജയിംസ് കമ്മിറ്റി മാറ്റംവരുത്തുകയായിരുന്നു. ധാരണയിലത്തെിയ കോളജുകള്‍ ശനിയാഴ്ച മുതല്‍ സര്‍ക്കാറുമായി വെവ്വേറെ കരാര്‍ ഒപ്പിടും. വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍െറ സാന്നിധ്യത്തില്‍  നടന്ന ചര്‍ച്ചയിലാണ് ഫീസ് നിരക്ക് സംബന്ധിച്ച് ധാരണയായത്.  

മെഡിക്കലില്‍ 20 ശതമാനം സീറ്റില്‍ ബി.പി.എല്‍, എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്ക്  25,000 രൂപക്കും 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം രൂപക്കുമായിരിക്കും പ്രവേശം. 35 ശതമാനം വരുന്ന മാനേജ്മെന്‍റ് ക്വോട്ടയില്‍ 11 ലക്ഷവും 15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ 15 ലക്ഷവുമായിരിക്കും ഫീസ്. ഡെന്‍റലില്‍ 20 ശതമാനം സീറ്റില്‍ കുറഞ്ഞ ഫീസിലായിരിക്കും പ്രവേശം. ഇതില്‍ ആറു ശതമാനം സീറ്റില്‍ ബി.പി.എല്‍, എസ്.ഇ.ബി.സി വിദ്യാര്‍ഥികള്‍ക്ക്  23,000 രൂപക്കും 14 ശതമാനം സീറ്റില്‍ 44,000 രൂപക്കും പ്രവേശം നല്‍കും. 30 ശതമാനം സീറ്റില്‍ 2.10 ലക്ഷമായിരിക്കും ഫീസ്. മാനേജ്മെന്‍റ് ക്വോട്ടയില്‍ അഞ്ചു ലക്ഷവും എന്‍.ആര്‍.ഐ ക്വോട്ടയില്‍ ആറു ലക്ഷവുമാണ് ഫീസ്. പരിയാരം സഹകരണ കോളജിലേക്കുള്ള ഫീസ് നിരക്കും സര്‍ക്കാര്‍ അംഗീകരിച്ചുനല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.