പിടിയിലായവരെ കനകമലയില്‍ തെളിവെടുപ്പിന് എത്തിക്കും

കൊച്ചി: രഹസ്യയോഗത്തിനിടെ ദേശവിരുദ്ധ കുറ്റം ചുമത്തി എന്‍.ഐ.എ അറസ്റ്റു ചെയ്ത ആറുപേരെയും താമസിയാതെ കണ്ണൂര്‍ കനകമലയില്‍ തെളിവെടുപ്പിന് എത്തിക്കും. 12 ദിവസം കസ്റ്റഡിയില്‍ വാങ്ങിയ അന്വേഷണ സംഘം പ്രാഥമിക ചോദ്യം ചെയ്യലിനുശേഷമാണ് കനകമലയില്‍ എത്തിക്കുക.
പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത സംഘം വിശദ പരിശോധനക്ക് അയക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച മൊബൈല്‍ ആപ് ആയ ‘ടെലിഗ്രാം ചാറ്റി’ന്‍െറ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഇവര്‍ നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ വിവരങ്ങളും പിടിച്ചെടുത്തവയിലുണ്ട്.
ഒന്നാം പ്രതി ആക്രമണത്തിന് ആയുധങ്ങള്‍ ശേഖരിക്കാന്‍ മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയതായി പറയുന്നുണ്ടെങ്കിലും ഇതുവരെ ആയുധങ്ങളൊന്നും കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ പ്രവര്‍ത്തന രീതി എപ്രകാരമായിരുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും വ്യക്തമാവൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ എ.പി. ഷൗക്കത്തലി, പി.വിക്രമന്‍ എന്നിവര്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 120 (ബി) ഗൂഢാലോചന, 121, (രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയോ ഇതിന് പ്രലോഭിപ്പിക്കുകയോ  ശ്രമിക്കുകയോ ചെയ്യല്‍) 121 എ (രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തല്‍), 122 (ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുധങ്ങള്‍ ശേഖരിക്കല്‍), നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ -യു.എ.പി.എ 18 ാം വകുപ്പ് (തീവ്രവാദ പ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തുക), 18 ബി (തീവ്രവാദ പ്രവര്‍ത്തനത്തിന് ആളുകളെ റിക്രൂട്ട് ചെയ്യുക), 20 (തീവ്രവാദ സംഘടനയില്‍ അംഗമാവുക) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്.
അറസ്റ്റിലായവര്‍ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമാവും കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കല്‍ തീരുമാനിക്കുകയെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.