തൊടുപുഴ: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നരബലി നടക്കുന്നുവെന്ന പരാതി വ്യാജമാണെന്ന് സ്പെഷല്‍ ബ്രാഞ്ച് കണ്ടത്തെല്‍.
പരാതി ഉന്നയിച്ച കടലാസ് സംഘടനക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.
ഇടമലക്കുടിയില്‍ എട്ട് മാസത്തിനിടെ ദേവപ്രീതിക്കായി മൂന്ന് കുട്ടികളെ ബലി നല്‍കിയെന്ന് കാട്ടി ദേശീയ മനുഷ്യാവകാശ, സാമൂഹികനീതി കമീഷന്‍ എന്ന സംഘടനയാണ് ദേശീയ ബാലാവകാശ കമീഷന് പരാതി നല്‍കിയത്. കമീഷന്‍ പരാതി സംസ്ഥാന ഡി.ജി.പിക്ക് കൈമാറി.
ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജിന്‍െറ ഉത്തരവനുസരിച്ച് ഇടുക്കി സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പരാതി അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടതായി എസ്.പിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 26 കുടികളുള്ള ഇടമലക്കുടിയില്‍ ഏത് കുടിയിലാണ് നരബലി നടന്നതെന്നോ ബലിക്ക് ഇരയായ ഏതെങ്കിലും കുട്ടിയുടെ പേരോ പരാതിയിലില്ല. സര്‍ക്കാര്‍ സംഘടനയെന്ന് തെറ്റിദ്ധരിപ്പിക്കും വിധം വ്യക്തികള്‍ ചേര്‍ന്ന് കമീഷന്‍ രൂപവത്കരിക്കുന്നത് നിയമവിരുദ്ധമാണ്.
ജനങ്ങളില്‍ ഭീതിവളര്‍ത്തുന്ന രീതിയില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച സംഘടനക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കുറേ നാളുകളായി ഈ സംഘടന ഇടമലക്കുടിയില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്.
ഏതാനും മാസംമുമ്പ് ഇടമലക്കുടിയില്‍ പട്ടിണി മരണം നടക്കുന്നതായി ഇതേ സംഘടന പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, പട്ടിണി മരണമില്ളെന്ന് അന്വേഷണത്തില്‍ കണ്ടത്തെി. ഇടമലക്കുടിയില്‍ നരബലി നടക്കുന്നതായി മുമ്പ് ഉയര്‍ന്ന പരാതിയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
പരാതി വ്യാജമെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ സംഘടനക്ക് പിന്നിലുള്ളവരെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി അന്വേഷിച്ച ശേഷം സ്പെഷല്‍ ബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരാതിക്ക് അടിസ്ഥാനമില്ളെന്നും സംഘടനതന്നെ വ്യാജമാണെന്നും ജില്ലാ പൊലീസ് മേധാവി എ.വി. ജോര്‍ജും പറഞ്ഞു.
അടുത്തിടെ ജഡ്ജിമാരുടെ സംഘം ഇടമലക്കുടി സന്ദര്‍ശിക്കുകയും പിന്നീട് ഇവിടത്തുകാര്‍ക്കായി അദാലത്ത് നടത്തുകയും ചെയ്തെങ്കിലും നരബലി സംബന്ധിച്ച് പരാതി കിട്ടിയിട്ടില്ല. നരബലി നടന്നെന്ന പരാതിയില്‍ കഴമ്പില്ളെന്ന് ഊരുമൂപ്പന്‍ ഗോപാലനും വ്യക്തമാക്കി.
പരാതി നല്‍കിയ സംഘടനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.