ജനവിരുദ്ധ പദ്ധതികള്‍ക്കെതിരെ പ്രക്ഷോഭം–സോളിഡാരിറ്റി

കോഴിക്കോട്: ഗെയ്ല്‍ പൈപ്ലൈന്‍, ദേശീയപാത, അതിരപ്പിള്ളി പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ആശങ്ക ജനിപ്പിക്കുന്നതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ പറഞ്ഞു. ഭരണകൂടം കൊണ്ടുവരുന്ന ഇത്തരം വികസനപദ്ധതികള്‍ ജനത്തിന്‍െറ ആവശ്യം പരിഗണിച്ചുകൊണ്ടാണോ നടപ്പാക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. വികസനപദ്ധതികള്‍ വിവേചനബോധമില്ലാതെ കേരളത്തില്‍ നടപ്പാക്കുന്നത് കനത്ത ദുരന്തങ്ങള്‍ക്കാണ് വഴിവെക്കുക. ജനവാസമേറിയ പാതയോരങ്ങളെ വികസിപ്പിച്ചാണ് ദേശീയപാത കൊണ്ടുവരേണ്ടതെന്നിരിക്കെ അതിനെ പരമാവധി ജനവിരുദ്ധമാക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ദേശീയപാത വികസനം 30 മീറ്ററില്‍ നാലുവരിപ്പാതയായി നടപ്പാക്കാന്‍ കഴിയുമെന്ന് കേരളത്തിലെ സര്‍വ രാഷ്ട്രീയകക്ഷികളും ചേര്‍ന്നെടുത്ത തീരുമാനത്തെപ്പോലും ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വോട്ട് നേടാന്‍ പ്രകടനപത്രികയില്‍ ദേശീയപാത വികസനവിഷയം പരാമര്‍ശിക്കാതിരിക്കുകയും ഭരണത്തിലേറിയതിനുശേഷം ആസൂത്രിതമായി ജനത്തിനുമേല്‍ അടിച്ചേല്‍പിക്കാനുമാണ് പുതിയ സര്‍ക്കാറിന്‍െറ ശ്രമം. കേരളത്തിന്‍െറ ആവാസവ്യവസ്ഥക്ക് അനുയോജ്യമല്ലാത്ത വികസനപദ്ധതികളുമായി മുന്നോട്ടുപോകാനാണ് ശ്രമമെങ്കില്‍ ജനപക്ഷത്തുനിന്നുകൊണ്ടുള്ള സമരങ്ങള്‍ക്ക് സോളിഡാരിറ്റി നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.