ഹൈദരാബാദ് സര്‍വകലാശാലയിലെ സമരപ്പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍

ഹൈദരാബാദ്: രോഹിത് വെമുലക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തുവന്ന പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍. സമരപ്പന്തലും അതിനുള്ളിലുണ്ടായിരുന്ന അംബേദ്കര്‍ ചിത്രങ്ങളും മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും നശിപ്പിക്കപ്പെട്ടു.

സര്‍വകലാശാല ആധികൃതരാണ് സമരപ്പന്തല്‍ തകര്‍ത്തതെന്നും കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ ഉദ്യോഗസ്ഥർ പന്തല്‍ തകര്‍ക്കുകയായിരുന്നുവെന്നും വിദ്യാർഥികൾ ആരോപിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും സമരപ്പന്തല്‍ സ്വാഭാവികമായി തകരുകയായിരുന്നെന്നാണ് സര്‍വകലാശാലാ അധികൃതര്‍ വിശദീകരിക്കുന്നത്.

രോഹിത് വെമുലയുടെ സ്തൂപവും മറ്റും തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കാണിച്ച് കഴിഞ്ഞയാഴ്ച വൈസ് ചാന്‍സലര്‍ രേഖാമൂലം ഉത്തരവിറക്കിയിരുന്നു. സമരപ്പന്തല്‍ തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയുടെ മുഖ്യകവാടത്തിന് മുന്നില്‍ വിദ്യാര്‍ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.