സൂരജിന് ഇനി ജീവനാണ് മാര്‍ ജേക്കബ് മുരിക്കന്‍

ഗാന്ധിനഗര്‍ (കോട്ടയം): കാരുണ്യവര്‍ഷത്തില്‍ കരുണയുടെ കരംനീട്ടി പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. രോഗബാധിതനായ യുവാവിന് പുതുജീവിതം സമ്മാനിക്കാന്‍ സ്വന്തം വൃക്ക നല്‍കാന്‍ ഒരുങ്ങുകയാണ് ബിഷപ്. ഇതുസംബന്ധിച്ച നിയമ നടപടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച പൂര്‍ത്തിയായി. ജൂണ്‍ ഒന്നിന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ വൃക്കമാറ്റ ശസ്ത്രക്രിയ നടക്കും.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനായ ഇ.സൂരജിനാണ് സ്നേഹ ഇടയന്‍ ഒരുവൃക്ക നല്‍കുന്നത്. ജീവിച്ചിരിക്കെ ഒരു ബിഷപ് വൃക്കദാനം ചെയ്യുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കിഡ്നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മേല്‍ പറഞ്ഞു.
30 വയസ്സുള്ള സൂരജിന് ഒന്നര വര്‍ഷം മുമ്പാണ് കിഡ്നി രോഗം കണ്ടത്തെിയത്. കുടുംബത്തിന്‍െറ ഏക ആശ്രയമാണ് ഇദ്ദേഹം. നാലുവര്‍ഷം മുമ്പ് പാമ്പുകടിയേറ്റ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനായിരുന്ന പിതാവ് സുധാകരന്‍ മരിച്ചു. സഹോദരന്‍ ഉണ്ണികൃഷ്ണന്‍ ഹൃദ്രോഗം മൂലം മരിച്ചു. ഭാര്യ ബേബി രശ്മിയോടും അമ്മ പാര്‍വതിയോടുമൊപ്പമാണ് കഴിയുന്നത്. ഒട്ടേറെ ചികിത്സകള്‍ക്കുശേഷം ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ് വൃക്ക മാറ്റിവെക്കുന്നതിന് കിഡ്നി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. സൂരജിന് കിഡ്നി ദാനം ചെയ്യാന്‍ ബന്ധുക്കള്‍ ആരുമില്ല. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മലിലൂടെ സൂരജിന്‍െറ കഥ കേട്ട മാര്‍ ജേക്കബ് മുരിക്കന്‍ ദാനത്തിന് തീരുമാനിച്ചു. ഇതിനായി മാര്‍പാപ്പയുടെ അനുഗ്രഹവും തേടി. ലേക്ഷോര്‍ ആശുപത്രിയില്‍ അവയവദാനത്തിന് മുമ്പുള്ള വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് അവയവ മാറ്റ ശസ്ത്രക്രിയക്ക് അനുമതിക്കായി വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലെ ഓതറൈസേഷന് കമ്മിറ്റിക്ക് മുമ്പാകെ ബിഷപ് എത്തിയത്. ബിഷപ്പ് അവയവദാനത്തിന് സമ്മതം അറിയിച്ചതോടെ ശസ്ത്രക്രിയ നടത്താനുള്ള പണം സ്വരൂപിക്കാനായി സൂരജ് സ്വന്തം വീടുവിറ്റിരുന്നു.

മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷത്തോടു ചേരുന്ന പ്രവൃത്തി എന്ന നിലയിലാണ് ഇതിനെ കാണുന്നതെന്ന് മാര്‍ ജേക്കബ് മുരിക്കന്‍ മാധ്യമങ്ങളോടു പറഞ്ഞു. അവയവദാനത്തിനായി പരിശോധനകള്‍ക്ക് വരുന്നതില്‍ 20 ശതാനം പേര്‍ക്കേ സാധാരണയായി ഫിറ്റ്നസ് കിട്ടാറുള്ളൂ. തനിക്ക് ഫിറ്റ്നസ് ലഭിച്ചത് ദൈവത്തിന്‍െറ പദ്ധതിയായാണ് കാണുന്നതും അദ്ദേഹം പറഞ്ഞു.

ലോകത്ത് ആദ്യമായാണ് ഒരു ബിഷപ് ഹിന്ദു സഹോദരനു വേണ്ടി വൃക്ക ദാനം ചെയ്യുന്നതെന്ന് കിഡ്നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മല്‍ പറഞ്ഞു. മതസാഹോദര്യത്തിന്‍െറ അപൂര്‍വ നിമിഷങ്ങള്‍ക്കാണ് ജൂണ്‍ ഒന്നിന് വേദിയൊരുങ്ങുന്നത്. ശസ്ത്രക്രിയക്കായി ഇനിയും ഏറെ പണം ആവശ്യമുണ്ടെന്നും ഇതിനായി സുമനസ്സുകള്‍ സൂരജിനെ സഹായിക്കണമെന്നും ചിറമ്മേല്‍ പറഞ്ഞു. നവജീവന്‍ മാനേജിങ്  ട്രസ്റ്റി പി.യു. തോമസ്, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കോഓഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവരും ബിഷപ്പിന് ഒപ്പം ഉണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.