പച്ചക്കറി വില കുതിച്ചുയരുന്നു

വടകര: കേരളീയരുടെ തീന്‍മേശകളില്‍നിന്ന് പച്ചക്കറിവിഭവങ്ങള്‍ അന്യംനിന്നുപോവുമോ എന്ന ഭീതി ഉയര്‍ത്തിക്കൊണ്ട് പച്ചക്കറിയുടെ വില നാള്‍ക്കുനാള്‍ കുതിച്ചുയരുന്നു. പച്ചക്കറിയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഇനമായ തക്കാളിക്ക് ഒരു കിലോഗ്രാമിന് ചില്ലറ മാര്‍ക്കറ്റില്‍ 60 രൂപയായി കുതിച്ചിരിക്കയാണ്. പച്ചമുളകിന് 100 ഗ്രാമിന് 12 മുതല്‍ 15വരെ കൊടുക്കേണ്ടിവരുന്നു. വെണ്ടക്ക് ഞായറാഴ്ച കിലോക്ക് 100 രൂപയും പയറിന് കിലോക്ക് 80 രൂപയുമാണ് വില ഈടാക്കുന്നത്.

വെള്ളരിക്ക 25 രൂപ, ചേനക്കും കയ്പക്കക്കും 70 രൂപ, കാരറ്റിനും മുരിങ്ങക്കും 80 എന്നീനിലയില്‍ ഉയര്‍ന്നിരിക്കയാണ്. മുമ്പ് സവാളക്ക് 50 രൂപയുണ്ടായിരുന്നത് കുറഞ്ഞ് 20 രൂപയിലത്തെിയെങ്കിലും മറ്റെല്ലാ പച്ചക്കറി ഇനത്തിനും ഒരു മാസം കൊണ്ട് രണ്ടും മൂന്നും ഇരട്ടിയായി വര്‍ധിച്ചത് ശരാശരി വരുമാനക്കാരന്‍െറ കുടുംബ ബജറ്റ് തകരാറിലാക്കിയിരിക്കയാണ്. മുമ്പ് 10,000 രൂപക്ക് ഒരു പെട്ടി ഓട്ടോയില്‍ നിറയെ പച്ചക്കറി ലഭിച്ചിരുന്നുവെങ്കില്‍ ഇന്ന് ഒരു സാധാരണ ഓട്ടോയില്‍ കൊണ്ടുപോകാന്‍ പാകത്തിലേ ലഭിക്കുന്നുള്ളൂവെന്ന് ഒരു ചില്ലറ കച്ചവടക്കാരന്‍ പറഞ്ഞു.

  ഇപ്പോള്‍ കര്‍ണാടകയിലെ കോലാര്‍, മൈസൂരു, ഗുണ്ടല്‍പേട്ട എന്നീ സ്ഥലങ്ങളില്‍നിന്നാണ് തക്കാളി ഇവിടത്തെ മാര്‍ക്കറ്റിലത്തെുന്നത്. 29 കിലോഗ്രാം അടങ്ങുന്ന ഒരു പെട്ടി തക്കാളിക്ക് 1060 രൂപയോളം മൊത്ത വിപണിയില്‍ ഈടാക്കുന്നുണ്ടത്രെ. രണ്ടു കിലോ പ്ളാസ്റ്റിക് പെട്ടിയും മൂന്നു മുതല്‍ അഞ്ചു കിലോഗ്രാംവരെ പൊട്ടിയതും ചീഞ്ഞതുമായ തക്കാളിയും ഒഴിച്ചാല്‍ ശരാശരി ഒരു പെട്ടിയില്‍നിന്ന് 24 കിലോഗ്രാം തക്കാളി കിട്ടും. വാഹനത്തിന്‍െറ ചാര്‍ജ്, കയറ്റിറക്ക് കൂലി എന്നിവയെല്ലാം കണക്കാക്കുമ്പോള്‍ 60 രൂപ തോതില്‍ വിറ്റാല്‍തന്നെ നാമമാത്രമായ ലാഭമേ ലഭിക്കൂ എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

തക്കാളി ഇല്ളെങ്കില്‍ മറ്റ് ഇനം പച്ചക്കറി വാങ്ങാന്‍ ആവശ്യക്കാരെ ലഭിക്കില്ല. പ്രകൃതിക്ഷോഭംമൂലം കൃഷിനാശം വന്നതിനാല്‍ തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറിവരവ് നിയന്ത്രിതമായ തോതിലേ നടക്കുന്നുള്ളൂവെന്നും കൂടുതലായും ഇപ്പോള്‍ കര്‍ണാടകയില്‍നിന്നാണ് വരുന്നതെന്നും തക്കാളിയുടെ ഒരു മൊത്ത കച്ചവടക്കാരന്‍ പറഞ്ഞു. കൃഷിനാശം വന്നതിനാല്‍ ഡല്‍ഹി, മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്കും തക്കാളി കര്‍ണാടകയില്‍നിന്നാണത്രെ കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ മൊത്തവിപണിയില്‍ അവര്‍ ആവശ്യപ്പെടുന്ന തുക കൊടുത്തേ മതിയാവൂ.

  വിഷുവോടനുബന്ധിച്ച് വിഷരഹിത പച്ചക്കറിയുടെ ഒരു മേളതന്നെ നാടെങ്ങും ഉയര്‍ന്നിരുന്നു. എന്നാല്‍, വിഷുവിനുശേഷം ഇതിന്‍െറ ആരവം നിലച്ചമട്ടിലാണുള്ളത്. പച്ചക്കറി ഇനങ്ങളിലെ എന്തിനും ഏതിനും അന്യനാടിനെ ആശ്രയിക്കുന്നവര്‍ വിഷുവോടനുബന്ധിച്ച് തുടങ്ങിയ ജൈവകൃഷി തുടര്‍ന്നില്ളെങ്കില്‍ അപകടമാവുമെന്ന് തിരിച്ചറിഞ്ഞിരിക്കയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.