മന്ത്രിയെ തീരുമാനിക്കാന്‍ ചെറുകക്ഷികളില്‍ കലഹം

തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭയില്‍ മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ചെറുകക്ഷികളില്‍ നേതാക്കള്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കം. എന്‍.സി.പിയിലും ജനതാദള്‍ -എസിലുമാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കലഹം രൂക്ഷമായത്. അതേസമയം മന്ത്രിമാരെ തീരുമാനിക്കാന്‍ സി.പി.ഐ നേതൃയോഗം  തിങ്കളാഴ്ച ചേരും.

ജനതാദള്‍ -എസിലാണ് മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായത്. ജനതാദള്‍ എസിന്‍െറ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗത്തില്‍ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കാനാവില്ളെന്ന് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസ് പറഞ്ഞതാണ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഞായറാഴ്ച തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ. നാണു, കെ. കൃഷ്ണന്‍കുട്ടി, മാത്യു ടി. തോമസ് എന്നിവരാണ് പങ്കെടുത്തത്. സി.കെ. നാണു മന്ത്രിയായി കൃഷ്ണന്‍കുട്ടിയുടെ പേര് നിര്‍ദേശിച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ആവില്ളെന്ന് പറഞ്ഞ മാത്യു ടി. തോമസ് തന്‍െറ താല്‍പര്യം പ്രകടമാക്കി. തീരുമാനം നീണ്ടതോടെ സംസ്ഥാന സമിതിയോ ദേശീയ പ്രസിഡന്‍റ് ദേവഗൗഡയോ ഇടപെടേണ്ട സ്ഥിതിയാണ്. 2006ല്‍ മന്ത്രിയായ മാത്യു ഇത്തവണ മാറിനില്‍ക്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടി നേതൃത്വത്തിന്. കൃഷ്ണന്‍കുട്ടി ഒഴികെയുള്ളവര്‍ മന്ത്രിയായിട്ടുമുണ്ട്.

വീരന്‍ വിഭാഗം എല്‍.ഡി.എഫ് വിട്ടപ്പോള്‍ മാത്യു ടി. തോമസ് മന്ത്രിസഭയില്‍ തുടര്‍ന്നു. ഒടുവില്‍ ജനതാദള്‍ (എസ്) നേതൃത്വത്തിന്‍െറ നിര്‍ദേശപ്രകാരമാണ് രാജിവെക്കേണ്ടിവന്നത്. സംസ്ഥാന പ്രസിഡന്‍റിനെതിരെ കടുത്ത രോഷമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. അതേസമയം ക്രൈസ്തവ സഭ മുഖേന സി.പി.എമ്മില്‍ സമ്മര്‍ദം ചെലുത്താനാണ് മാത്യു ടി. തോമസിന്‍െറ ശ്രമം.എന്‍.സി.പി നേതൃത്വത്തിലും മന്ത്രിയാകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച തോമസ് ചാണ്ടിയും എ.കെ. ശശീന്ദ്രനും മന്ത്രിമാരാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നു. ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ വന്നിട്ടും പ്രശ്നം പരിഹരിക്കാനായില്ല. തുടര്‍ന്ന് തീരുമാനം ദേശീയതലത്തില്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ്-എസില്‍നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി മാത്രമാണ് വിജയിച്ചത്. അതിനാല്‍ അവിടെ തര്‍ക്കമില്ല.

നാല് മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാണ് സി.പി.ഐക്ക് ലഭിക്കുന്നത്. മുതിര്‍ന്ന നേതാക്കളും കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറില്‍ മന്ത്രിമാരുമായിരുന്ന സി. ദിവാകരന്‍, മുല്ലക്കര രത്നാകരന്‍ എന്നിവര്‍ മന്ത്രിമാരാകുമോ എന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്. ഇവര്‍ക്കുപകരം പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, ഇ.എസ്. ബിജിമോള്‍, കെ.ആര്‍. രാജന്‍ തുടങ്ങിയവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

മുന്‍ കാലത്ത് പി.കെ. വാസുദേവന്‍ നായര്‍ നിയമസഭാകക്ഷി നേതാവായിട്ടും മന്ത്രിസ്ഥാനം ഏറ്റെടുക്കാതെ മാറിനിന്നിട്ടുണ്ട്. ദിവാകരന്‍െറ കാര്യത്തില്‍ അത് സംഭവിക്കുമോ എന്നതാണ് ശ്രദ്ധേയം. വകുപ്പുകളുടെ കാര്യത്തില്‍ പിന്നീടാവും ധാരണയിലത്തെുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.