നിയമവഴിയില്‍ പാരമ്പര്യം കൈവിടാതെ അഖില്‍

കൊച്ചി: നിയമവഴിയിലെ പാരമ്പര്യം പിന്തുടര്‍ന്നാണ് അഖില്‍ സുരേഷ് ഞായറാഴ്ച സന്നദെടുത്തത്. അഭിഭാഷകനായിരുന്ന മുത്തച്ഛന്‍, ഹൈകോടതി ജഡ്ജിയായ അച്ഛന്‍... അഭിഭാഷകനാകാനുള്ള അഖിലിന്‍െറ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയവര്‍ ഇവരായിരുന്നു. ഹൈകോടതി ജഡ്ജി പി.ബി. സുരേഷ്കുമാറിന്‍െറ മകനാണ് അഖില്‍. പി.ബി. സുരേഷ് കുമാറിന്‍െറ പിതാവ് പറവൂര്‍ ബാലകൃഷ്ണന്‍ നായരും അഭിഭാഷകനായിരുന്നു.
നിയമപഠനത്തിന് അഖില്‍ ബംഗളൂരുവിലേക്ക് വണ്ടി കയറുമ്പോള്‍ സുരേഷ്കുമാര്‍ തിരക്കുള്ള അഭിഭാഷകനായിരുന്നു. പിതാവിനൊപ്പം സഹായിയായി ചേര്‍ന്ന് പതുക്കെ രംഗത്ത് ചുവടുറപ്പിക്കാമെന്നായിരുന്നു അഖിലിന്‍െറ കണക്കുക്കൂട്ടല്‍. എന്നാല്‍, മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ, അച്ഛന്‍ ഹൈകോടതി ജഡ്ജിയായത് എല്ലാ കണക്കുകൂട്ടലും തെറ്റിച്ചെന്ന് അഖില്‍ പറഞ്ഞു.  ലിറ്റിഗേഷന്‍ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും അഖില്‍ പറഞ്ഞു.
എളമക്കര ഭവന്‍സില്‍നിന്ന് പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയശേഷം ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലോയിലായിരുന്നു പഠനം. അഞ്ചുവര്‍ഷത്തെ ബി.ബി.എ എല്‍എല്‍.ബി പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് എന്‍റോള്‍മെന്‍റ്. ചടങ്ങില്‍ മുഖ്യാതിഥിയായ പിതാവില്‍നിന്നുതന്നെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കഴിഞ്ഞത് യാദൃച്ഛികമാണെന്നും അത് അനുഗ്രഹമായി കരുതുന്നതായും അഖില്‍ പറഞ്ഞു. മാതാവ്: മഞ്ജുഷ. സഹോദരി: എം.ബി.ബി.എസ് വിദ്യാര്‍ഥിനി അന്‍വിത.
അഖില്‍ ഉള്‍പ്പെടെ 123 പേരാണ് എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സന്നദെടുത്തത്.  അഡ്വ. ജോസഫ് ജോണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.