രാജ്യം എത്തിനില്‍ക്കുന്നത് അപകടകരമായ പ്രതിസന്ധിയില്‍ –ഗൗഹര്‍ റാസ

കോഴിക്കോട്: അസഹിഷ്ണുതയുടെ ഉദാഹരണങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ രാജ്യം എത്തിനില്‍ക്കുന്നത് അപകടകരമായ പ്രതിസന്ധിയിലാണെന്ന് പ്രമുഖ ആക്ടിവിസ്റ്റും ഡോക്യുമെന്‍ററി സംവിധായകനുമായ ഗൗഹര്‍ റാസ പറഞ്ഞു. സോളിഡാരിറ്റി സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് ചലച്ചിത്രമേളയുടെ പ്രമേയമായ അണ്‍പ്ളഗ് റേസിസം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്കാള്‍ ഏറെ സമാധാനവും ഐക്യവുമുള്ള സംസ്ഥാനമാണ് കേരളം. ഫാഷിസത്തിന്‍െറ ആശയങ്ങള്‍ ജീവിതത്തില്‍ പിടിമുറുക്കാനനുവദിക്കാതെ പ്രബുദ്ധരായ മലയാളികള്‍ സൂക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിമാരുടെയും ഭരണകര്‍ത്താക്കളുടെയും പ്രകോപനപരമായ പ്രസ്താവനകള്‍ വൈകാരികമായല്ല നോക്കിക്കാണേണ്ടതെന്നും സവിശേഷമായ വിചാരപദ്ധതിയുടെ ഭാഗമായാണ് അവരുടെ പ്രസ്താവനകളെന്നും   കെ.ഇ.എന്‍ പറഞ്ഞു. രാജേന്ദ്രന്‍ എടത്തുംകര, വൈ. ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം പറയുന്ന ‘അമീബ ’യുടെ സംവിധായകന്‍ മനോജ് കാനയെയും അണിയറശില്‍പികളെയും ആദരിച്ചു.

മുഹ്സിന്‍ പരാരി സംവിധാനം ചെയ്ത നേറ്റിവ് സണ്‍ എന്ന ആല്‍ബം  പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് സംവിധായകനുമായി സംവാദം നടന്നു. രണ്ടാംദിവസം മത്സരവിഭാഗത്തില്‍ ആറു ഹ്രസ്വചിത്രങ്ങളും ഇന്ത്യ അണ്‍മാസ്കഡ് വിഭാഗത്തില്‍ രണ്ടു ചിത്രങ്ങളും കൊളാഷ്, യൂത്ത് സ്പ്രിങ് വിഭാഗങ്ങളില്‍ ഓരോ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. സമാപനദിവസമായ തിങ്കളാഴ്ച ഉച്ചക്ക് ഡോക്യുമെന്‍ററി സംവിധായകന്‍ രാകേഷ് ശര്‍മയുടെ ആഫ്റ്റര്‍ഷോക്ക്സ്: എ റഫ് ഗൈഡ് ടു ഡെമോക്രസി എന്ന ഡോക്യുമെന്‍ററി പ്രദര്‍ശനവും അദ്ദേഹവുമായുള്ള സംവാദവും നടക്കും. വൈകുന്നേരം ജെ.എന്‍.യു, ഹൈദരാബാദ് തുടങ്ങിയ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ചര്‍ച്ച നടക്കും. ആറിന് സമാപനസമ്മേളനം ഗൗഹര്‍ റാസ ഉദ്ഘാടനം ചെയ്യും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.