കെ.എസ്.ആര്‍.ടി.സിയില്‍ തെരഞ്ഞെടുപ്പ് ചൂട്

കോട്ടയം: നിയമസഭക്ക് പിന്നാലെ കെ.എസ്.ആര്‍.ടി.സിയിലും തെരഞ്ഞെടുപ്പ് ചൂട്. കോര്‍പറേഷനിലെ അംഗീകാരമുള്ള യൂനിയനുകളെ കണ്ടത്തൊനുള്ള ഹിതപരിശോധന തിങ്കളാഴ്ച നടക്കും. തൊഴില്‍ വകുപ്പിനാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ റോള്‍. തൊഴില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലും രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ വോട്ടെടുപ്പ് നടക്കും. ഡ്യൂട്ടിയുള്ളതിനാല്‍ വോട്ടുചെയ്യാന്‍ കഴിയാത്തവര്‍ക്ക് മുന്‍കൂറായി വോട്ട് ചെയ്യാനുള്ള അവസരവും ഏര്‍പ്പെടുത്തി.

വോട്ടെടുപ്പിന് ഒരുദിനം മാത്രം ബാക്കിനില്‍ക്കെ ആവേശത്തിമിര്‍പ്പിലാണ് സംസ്ഥാനത്തെ ഡിപ്പോകളെല്ലാം. പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന പ്രചാരണമാണ് യൂനിയനുകള്‍ നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലും യൂനിയനുകളുടെ കൊടികളും വോട്ട് അഭ്യര്‍ഥിച്ചുള്ള ബോര്‍ഡുകളും ബാനറുകളും നിറഞ്ഞു. വോട്ടിങ് നമ്പറുകളും പതിച്ചിട്ടുണ്ട്. പ്രധാനമായി അഞ്ച് യൂനിയനാണ് മത്സരരംഗത്ത്.
നിലവില്‍ സി.ഐ.ടി.യുവിന്‍െറ നേതൃത്വത്തിലുള്ള കെ.എസ്.ആര്‍.ടി എംപ്ളോയീസ് അസോസിയേഷനും ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനുമാണ് (ടി.ഡി.എഫ്) അംഗീകൃത യൂനിയനുകള്‍. ഡ്രൈവേഴ്സ് യൂനിയനും ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കെ.എസ്.ടി വര്‍ക്കേഴ്സ് യൂനിയനും ചേര്‍ന്നതാണ് ടി.ഡി.എഫ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.ഐ.ടി.യു അമ്പത് ശതമാനവും ടി.ഡി.എഫ് 38 ശതമാനവും വോട്ടുകളാണ് നേടിയത്. മൊത്തം വോട്ടിന്‍െറ 20 ശതമാനത്തില്‍ കൂടുതല്‍ നേടുന്നവര്‍ക്കാണ് അംഗീകാരം ലഭിക്കുക. 120 ഡ്യൂട്ടിയില്‍ കൂടുതല്‍ ചെയ്ത എം പാനലുകാരടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും വോട്ടുണ്ട്. ഇതിനായി അതത് ഡിപ്പോകളില്‍ പ്രത്യേക ബൂത്തുകളും ഒരുക്കും.

സി.ഐ.ടി.യുവിനും ഐ.എന്‍.ടി.യു.സിക്കും പുറമെ ഇത്തവണ പ്രധാനമായി കെ.എസ്.ആര്‍.ടി വര്‍ക്കേഴ്സ് യൂനിയന്‍ (എ.ഐ.ടി.യു.സി), കെ.എസ്.ആര്‍.ടി എംപ്ളോയിസ് സംഘ്, വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവയാണ് രംഗത്തുള്ളത്.  മുഴുവന്‍ യൂനിയനുകള്‍ക്കും സി.ഐ.ടി.യുവാണ് പ്രധാനശത്രു.  
 മൂന്നുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന റഫറണ്ടത്തിലൂടെ തെരഞ്ഞെടുക്കുന്ന യൂനിയനുകളെയാണ് മാനേജ്മെന്‍റ ്ചര്‍ച്ചകള്‍ക്കും മറ്റും ക്ഷണിക്കുന്നത്. ഈ മാസം 25ന് എറണാകുളം കാക്കനാട്ടെ ലേബര്‍ ഓഫിസില്‍ വോട്ടെണ്ണലിനുശേഷം ഫലപ്രഖ്യാപനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.