ഇരുമുന്നണികള്‍ക്കും ആഘാതമായി പാലക്കാട്ടെ പരാജയം

പാലക്കാട്: ജില്ലയില്‍ ആകെയുള്ള 12 മണ്ഡലങ്ങളില്‍ ഒമ്പതെണ്ണം കരസ്ഥമാക്കി ഇടതുമുന്നണി മികച്ച പ്രകടനം നടത്തി. യു.ഡി.എഫ് വിജയം മൂന്നിടത്ത് ഒതുങ്ങി.  2011ല്‍ അഞ്ച്  യു.ഡി.എഫ് നേടിയിരുന്നു. പട്ടാമ്പിയില്‍ സി.പി. മുഹമ്മദിന്‍െറയും ചിറ്റൂരില്‍ കെ. അച്യുതന്‍െറയും പരാജയം യു.ഡി.എഫിന് ആഘാതമായപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.പിയുമായ എന്‍.എന്‍. കൃഷ്ണദാസ് പാലക്കാട്ടും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുബൈദ ഇസ്ഹാഖ് തൃത്താലയിലും തോറ്റത് സി.പി.എമ്മിന് ഞെട്ടലായി. കൃഷ്ണദാസ് മൂന്നാം സ്ഥാനത്താണ്.

മലമ്പുഴ, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കോങ്ങാട് ഇടതുമുന്നണിക്ക് ലഭിച്ചപ്പോള്‍ മണ്ണാര്‍ക്കാട്, പാലക്കാട്, തൃത്താല യു.ഡി.എഫ് നിലനിര്‍ത്തി. പാലക്കാട് ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രനും കോണ്‍ഗ്രസിലെ സിറ്റിങ് എം.എല്‍.എ ഷാഫി പറമ്പിലും മാറിമാറി ലീഡ് ചെയ്തെങ്കിലും ഒരു ഘട്ടത്തില്‍ പോലും കൃഷ്ണദാസിന് മുന്നേറിയില്ല. ബല്‍റാമിന്‍െറ വിജയത്തിന് പ്രധാന കാരണം വ്യക്തിപ്രഭാവം തന്നെ. രാഷ്ട്രീയമായി സി.പി.എമ്മിന് സ്വാധീനമുള്ള മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ പോലും ബല്‍റാം മുന്നേറ്റമുണ്ടാക്കി.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തൂത്തുവാരിയ അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ ഇത്തവണ യു.ഡി.എഫിന് മുന്നേറ്റമുണ്ടാക്കി. ലീഗ് സ്ഥാനാര്‍ഥി അഡ്വ. എന്‍. ഷംസുദ്ദീനെ തോല്‍പ്പിക്കാനുള്ള കാന്തപുരം ഗ്രൂപ്പിന്‍െറ ആഹ്വാനം മണ്ണാര്‍ക്കാട്ട് വിപരീത ഫലം ഉണ്ടാക്കി. നെന്മാറയില്‍ എ.വി. ഗോപിനാഥ് പഴുതടഞ്ഞ പ്രചാരണം നടത്തിയെങ്കിലും വിജയിക്കാനായില്ല. ഈഴവ സമുദായത്തിന് മുന്‍തൂക്കമുള്ള ഇവിടെ ബി.ജെ.ഡി.എസ് സഹായത്തോടെ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് കരുതപ്പെട്ടെങ്കിലും അതുണ്ടായില്ല. മികച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി സീറ്റ് നിലനിര്‍ത്തി.

ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലത്തും പന്തളം സുധാകരന്‍ കോങ്ങാട്ടും മികച്ച പ്രകടനം നടത്തുമെന്ന കോണ്‍ഗ്രസ് വിശ്വാസവും കടപുഴകി. കൂടുതല്‍ ഭൂരിപക്ഷത്തിനാണ് രണ്ട് സീറ്റും ഇടതുമുന്നണി നിലനിര്‍ത്തിയത്. ആലത്തൂരിലും ഭൂരിപക്ഷം വര്‍ധിച്ചു. എ.കെ. ബാലന്‍ മത്സരിച്ച തരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വന്നതോടെ മത്സരം കടുക്കുമെന്ന കോണ്‍ഗ്രസ് അവകാശവാദവും വെറുതെയായി. ഷൊര്‍ണൂരിലും ഇടത് ലീഡ് കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധിച്ചു. തുടര്‍ച്ചയായി നാല് തവണ ജയിച്ച കെ. അച്യുതന്‍ ചിറ്റൂരില്‍ തറപറ്റിയത് കോണ്‍ഗ്രസിന് ഏറെ ക്ഷീണമാണ് ഉണ്ടാക്കിയത്. ജനതാദള്‍ എസും സി.പി.എമ്മും  യോജിപ്പോടെ പ്രചാരണ രംഗത്ത് നിലയുറപ്പിച്ചത് ഇടത് വിജയത്തിന് കാരണങ്ങളിലൊന്നാണ്.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.