തൃശൂരില്‍ യു.ഡി.എഫ് കട പുഴകി

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫ് തകര്‍ന്നടിഞ്ഞു. 13ല്‍ 12 സീറ്റും എല്‍.ഡി.എഫ് തൂത്തുവാരി. സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഫലപ്രഖ്യാപനം വൈകുന്ന വടക്കാഞ്ചേരി സീറ്റ് മാത്രമാണ് യു.ഡി.എഫിന് ആശ്വസിക്കാനുള്ളത്. ഇവിടെ വോട്ടുയന്ത്രത്തിലെ തകരാര്‍ കാരണം 960 വോട്ടുകള്‍ എണ്ണുന്നത് തടസപ്പെട്ടു. ബാക്കി വോട്ടുകള്‍ എണ്ണിയതില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കര വെറും മൂന്നു വോട്ടിന് ലീഡ് ചെയ്യുകയാണ്.

സിറ്റിങ് എം.എല്‍.എമാരായ സി.പി.എമ്മിലെ കെ.വി. അബ്ദുല്‍ ഖാദര്‍ ഗുരുവായൂരിലും ബി.ഡി. ദേവസി ചാലക്കുടിയിലും സി. രവീന്ദ്രനാഥ് പുതുക്കാട്ടും മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐ സ്ഥാനാര്‍ഥികളായ ഗീത ഗോപി നാട്ടികയിലും കയ്പമംഗലത്തുനിന്ന് തൃശൂരിലേക്ക് മാറിയ വി.എസ്. സുനില്‍കുമാറും വിജയിച്ചു. ഗീത ഗോപി കാല്‍ ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയപ്പോള്‍ വി.എസ്. സുനില്‍കുമാറിനോട് തോറ്റത് കെ. കരുണാകരന്‍െറ മകള്‍ പത്മജ വേണുഗോപാലാണ്. മുന്‍ മന്ത്രി വി.കെ. രാജന്‍െറ മകന്‍ വി.ആര്‍. സുനില്‍ കുമാര്‍ കൊടുങ്ങല്ലൂരിലും കെ. രാജന്‍ ഒല്ലൂരിലും ഇ.ടി. ടൈസണ്‍ കയ്പമംഗലത്തും നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു. മൂവരും സി.പി.ഐ പ്രതിനിധികളാണ്.

സി.പി.ഐ മത്സരിപ്പിച്ച അഞ്ചു പേരും തൃശൂരില്‍ ജയം കണ്ടു. സ്ഥാനാര്‍ഥികളെ മാറ്റുകയും പുതുമുഖങ്ങളെ പരീക്ഷിക്കുകയും ചെയ്ത സി.പി.എമ്മിന്‍െറ നടപടിയും അംഗീകരിക്കപ്പെട്ടു. സിറ്റിങ് എം.എല്‍.എമാര്‍ക്കു പകരം കുന്നംകുളത്തു മത്സരിച്ച എ.സി. മൊയ്തീനും ചേലക്കരയില്‍ മത്സരിച്ച യു.ആര്‍. പ്രദീപും ജയിച്ചപ്പോള്‍ ഇരിങ്ങാലക്കുടയില്‍ പ്രഫ. കെ.യു. അരുണന്‍ എന്ന റിട്ട. അധ്യാപകനെ സ്ഥാനാര്‍ഥിയാക്കി ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ സി.പി.എം അട്ടിമറിച്ചു. ഗുരുവായൂരില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലിയുടെ പരാജയം മണ്ഡലം പിടിച്ചെടുക്കാനുള്ള മുസ്ലിം ലീഗിന്‍െറ അവസാന ശ്രമത്തിനേറ്റ തിരിച്ചടിയാണ്.

സിറ്റിങ് എം.എല്‍.എമാരില്‍ ഒല്ലൂരിലെ എം.പി. വിന്‍സെന്‍റിനെ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസ് വീണ്ടും രംഗത്തിറക്കിയത്. വിന്‍സെന്‍റ് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജനോട് തോല്‍ക്കുകയും ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍ കുട്ടി, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ മണലൂരിലും ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ഏ. നാഗേഷ് പുതുക്കാട്ടും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായ സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോണിന്‍െറ കുന്നംകുളത്തെ പരാജയം ആ പാര്‍ട്ടിയുടെ അസ്തിത്വം ചോദ്യം ചെയ്യുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.