ധർമടം മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി പരാതി

കണ്ണൂർ: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ സ്ഥാനാർഥിയായ ധർമടം മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി പരാതി. തെരഞ്ഞെടുപ്പ് കമീഷൻ പോളിങ്ങ് ബൂത്തിൽ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. യു.ഡി.എഫ് സ്ഥാനാർഥി മമ്പറം ദിവാകരൻ സംഭവത്തിൽ  തെരഞ്ഞെടുപ്പ് കമീഷനു പരാതി നൽകി. എന്നാൽ, ആരോപണം സി.പി.എം നിഷേധിച്ചു.

ധർമടത്തെ അഞ്ചു ബൂത്തുകളിൽ ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വ്യാപകമായ രീതിയിൽ കള്ളവോട്ട് നടന്നുവെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. സംഭവ ദിവസം തന്നെ യു.ഡി.എഫ് പരാതി നൽകിയിരുന്നെങ്കിലും തെളിവുകൾ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങൾ തന്നെ തെളിവായി നൽകുകയായിരുന്നു. ഒരാൾ ഒന്നിൽ കൂടുതൽ ബൂത്തുകളിൽ വോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ  ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

പിണറായി പഞ്ചായത്തിൽ മാത്രം 5000ലധികം കള്ളവോട്ട് നടന്നെന്നാണ് യു.ഡി.എഫ് ആരോപണം. പിണറായി വോട്ടു ചെയ്ത ആർസി അമല സ്കൂളിലെ 135, 136, 137 തുടങ്ങിയ ബൂത്തുകളിൽ വ്യാപകമായ രീതിയിൽ കള്ളവോട്ട് നടന്നു. സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ പാറപ്പുറത്ത് ജൂനിയർ ബേസികിലെ 138, 139, ബൂത്തുകൾ, പിണറായി എ.കെ.ജി സ്കൂളിലെ 129, 130, 131 ബൂത്തുകൾ, പിണറായിലെ 127, 128, 129, 122, 124, 125, 126 തുടങ്ങിയ ബൂത്തുകളിലായി സി.പി.എം അയ്യായിരത്തിലധികം കള്ളവോട്ടുകൾ ചെയ്തതായാണ് ആരോപണം. ആധികാരിക തെളിവുകൾ സഹിതമാണ് പരാതി നൽകിയത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നും ദിവാകരൻ വ്യക്തമാക്കി.

കള്ളവോട്ട് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു. പരാജയഭീതിയിലാണ് കോൺഗ്രസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ജയിക്കുമ്പോൾ നല്ലവോട്ടും തോൽക്കുമ്പോൾ കള്ള വോട്ടുമാകുന്നത് പതിവ് പ്രചാരണ വേലയാണെന്നും ജയരാജൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.