തൃശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാവക്കാട് തിരുവത്ര എ.സി. ഹനീഫ വധക്കേസില്‍ നീതി ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും ബന്ധുക്കളും കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ഹനീഫയുടെ മാതാവ് ആയിഷാബി, ഭാര്യ ഷഫ്ന, മക്കളായ ഹസ്ന, ഹന്നത്ത്, ഹയ എന്നിവരാണ് ധര്‍ണ നടത്തിയത്. കൈക്കുഞ്ഞ് ഹാമിയയുമായാണ് ഷഫ്ന ധര്‍ണക്കത്തെിയത്. എല്‍.ഡി.എഫ് പ്രതിനിധികള്‍ ധര്‍ണയില്‍ പങ്കെടുത്തപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ യു.ഡി.എഫ് കക്ഷികളുടെ നേതാക്കളാരും സമരപ്പന്തലില്‍ എത്തിയില്ല. ഏഴ് മണിക്കൂര്‍ നീണ്ട ധര്‍ണ വൈകീട്ടാണ് അവസാനിപ്പിച്ചത്. പുനരന്വേഷണത്തിന് സഹായം ചെയ്യാമെന്ന് പന്തലിലത്തെിയ സി.എന്‍. ജയദേവന്‍ എം.പി ഉറപ്പ് നല്‍കി. ഒന്നാം സാക്ഷിയായ മാതാവ് ആയിഷാബിയുടെ മൊഴി രേഖപ്പെടുത്താത്തതിലും പബ്ളിക് പ്രോസിക്യൂട്ടര്‍ കേസില്‍ ഹാജരാകാത്തതിലും കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചു.
കുടുംബാംഗങ്ങള്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആയിഷാബി ആവശ്യപ്പെട്ടു. ഇതിന് മനുഷ്യാവകാശ കമീഷനെ സമീപിക്കും. ഇനിയും നീതി വൈകിയാല്‍ 20ന് ശേഷം സെക്രട്ടേറിയറ്റ് നടയില്‍ സത്യഗ്രഹം നടത്തും. നിയമ വിരുദ്ധമായി കേസില്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. ഹനീഫ വധത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ എം.എല്‍.എ, സ്ഥാനാര്‍ഥികളായ വി.എസ്. സുനില്‍കുമാര്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് തുടങ്ങിയവര്‍ സമരപ്പന്തലിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.